സമുദായത്തിന് വെളിയിലുളള യുവാവിനെ പ്രേമിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചു; 19 വയസുകാരിയെ പിതാവ് ജീവനോടെ കൊളുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 04:46 AM  |  

Last Updated: 21st July 2018 04:46 AM  |   A+A-   |  

 

ഭോപ്പാല്‍: ഒരു ഇടവേളയ്ക്ക് ശേഷം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്ത പുറത്തുവന്നു. സമുദായത്തിന് വെളിയിലുളള ചെറുപ്പക്കാരനെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവതിയെ പിതാവ് ജീവനോടെ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ 19 വയസുകാരി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. 

മധ്യപ്രദേശിലെ ഖണ്ഡ്വാ ജില്ലയില്‍ ചെയിന്‍പൂര്‍ സര്‍ക്കാര്‍ ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മി ഭായിയെ തീകൊളുത്തി കൊന്ന കേസില്‍ പിതാവ് സുന്ദര്‍ലാല്‍ യാദവിനെയും, സഹോദരന്‍ രാജേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സമുദായത്തിന് വെളിയിലുളള യുവാവിനെ കല്യാണം കഴിക്കാനുളള പെണ്‍കുട്ടിയുടെ ആഗ്രഹത്തിന്  വീട്ടുകാര്‍ എതിരായിരുന്നു. എന്നാല്‍ ലക്ഷ്മി ഭായി തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

വീടുവിട്ട് ഇറങ്ങാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ പിതാവ് മണ്ണെണ്ണ ഉപയോഗിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.ശബ്ദം കേട്ട് പുറത്തിറങ്ങിയ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്.