16കാരിയെ അക്രമിസംഘം വലിച്ചിഴച്ച് കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2018 09:38 PM  |  

Last Updated: 24th July 2018 09:38 PM  |   A+A-   |  

 


ഝാന്‍സി : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ചെറുപ്പക്കാര്‍തന്നെ പകര്‍ത്തിയ വീഡിയോ ഇന്‍ര്‍നെറ്റില്‍ പ്രചരിച്ചതോടെ അക്രമികളെ തിരഞ്ഞ് പോലീസ് രംഗത്തിറങ്ങി. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

ജൂലായ് 12 നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസിന്റെ ഗൗരവം പോലീസിന് മനസിലായത്. പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിക്കുന്നതും പെണ്‍കുട്ടി വീഡിയോ എടുക്കരുതെന്ന് പറഞ്ഞു കരയുന്നതും വീഡിയോയിലുണ്ട്.

പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് ഭക്ഷണം എത്തിക്കാന്‍ പോകുമ്പോള്‍ പ്രതികളിലൊരാള്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് പോലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായിരുന്നു ഇയാള്‍. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആള്‍വാസമില്ലാത്ത സ്ഥലത്തുവച്ച് മറ്റുള്ളവരെത്തി പെണ്‍കുട്ടിയെ കൈയേറ്റം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സ്ത്രീകളെ പിന്‍തുടര്‍ന്ന് ഉപദ്രവിക്കുന്നത് പരിവാണെന്നും നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ മുമ്പ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.