ആധാര്‍  പത്ത് വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്ന് നിര്‍ബന്ധമില്ല; അസാധുവാക്കില്ലെന്ന് അതോറിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2018 10:33 AM  |  

Last Updated: 25th July 2018 10:33 AM  |   A+A-   |  

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കിയില്ലെന്ന കാരണം കൊണ്ട് കാര്‍ഡ് അസാധുവാകില്ലെന്ന്  യുഐഡിഎഐ. മുഖത്തിനും മറ്റും വ്യത്യാസം വരുമെന്നതിനാലാണ് പത്ത് വര്‍ഷത്തിലൊരിക്കല്‍ കാര്‍ഡ് പുതുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇത് നേരത്തെ തന്നെ പുറപ്പെടുവിച്ച നിര്‍ദ്ദേശമാണെന്നും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു. 

ബയോമെട്രിക് വിവരങ്ങളായി വ്യക്തികളുടെ കണ്ണ്, വിരല്‍ അടയാളങ്ങളും മുഖത്തിന്റെ ചിത്രവുമാണ് ശേഖരിക്കുന്നത്. അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കാരണം രേഖകള്‍ക്ക് മാറ്റമുണ്ടായേക്കാം എന്ന നിഗമനത്തില്‍ നിന്നുമാണ് പുതുക്കണമെന്ന നിര്‍ദ്ദേശം വച്ചതെന്നും അതോറിറ്റി വ്യക്തമാക്കി.അതേസമയം നമ്പറും കാര്‍ഡും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടി വരും. 

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പിന്നീട് പുതുക്കണം.പതിനഞ്ച് വയസ്സിനുള്ളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ 17 വയസ്സായിട്ടും പുതുക്കിയിട്ടില്ലെങ്കില്‍ കാര്‍ഡ് അസാധുവാകുമെന്നും അതോറിറ്റി വ്യക്തമാക്കി.