വിട്ടുവീഴ്ചയ്ക്കു കോണ്‍ഗ്രസ്, പ്രധാനമന്ത്രി പദത്തിനു നിര്‍ബന്ധം പിടിക്കില്ല; മറ്റു പാര്‍ട്ടി നേതാക്കളെ പിന്തുണയ്ക്കും

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനമെന്നും അതിനായി വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമാണെന്നുമാണ് കോണ്‍ഗ്രസ് നിലപാട്
വിട്ടുവീഴ്ചയ്ക്കു കോണ്‍ഗ്രസ്, പ്രധാനമന്ത്രി പദത്തിനു നിര്‍ബന്ധം പിടിക്കില്ല; മറ്റു പാര്‍ട്ടി നേതാക്കളെ പിന്തുണയ്ക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനമെന്നും അതിനായി വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമാണെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയോ ബിഎസ്പി നേതാവ് മായാവതിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കാന്‍ തയാറാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ബിജെപിയെയും ആര്‍എസ്എസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. താന്‍ പ്രധാനമന്ത്രിയാവാനുള്ള സാധ്യത നറുക്ക് എങ്ങനെ വീഴും എന്നതിനെ അനുസരിച്ചിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു ജയിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ എന്തൊക്കെയെന്ന ചോദ്യങ്ങള്‍ക്കു രാഹുല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും പരമാവധി സീറ്റുകള്‍ നേടുക എന്നതു പ്രധാനമാണെന്നാണ് രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ 22 ശതമാനം സീറ്റ് ഈ സംസ്ഥാനങ്ങളില്‍നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള സഖ്യമുണ്ടാക്കുക എന്നതു പ്രധാനമാണ്. ടിഡിപിയും ശിവസേനയും ബിജെപിയുമായി തെറ്റിനില്‍ക്കുന്നത് പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായ ഘടകമാണെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിനു വ്യക്തമായ മേധാവിത്തം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ സഖ്യത്തിലെ മറ്റു പാര്‍ട്ടികളുടെ നേതാക്കളെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാവുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സ്ഥിരീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ രാഹുലിന്റെ പ്രതികരണം. ആര്‍എസ്എസ് പിന്തുണയുള്ള ഒരാള്‍ പ്രധാനമന്ത്രിയാവുന്നതിലും എന്തുകൊണ്ടും നല്ലത് പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരാള്‍ ആ സ്ഥാനത്ത് എത്തുന്നതാണ് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിനു വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com