ആശുപത്രിയില്‍ പോകാതെ യൂട്യൂബ് വീഡിയോ കണ്ട് പ്രസവമെടുത്ത യുവതി മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th July 2018 06:51 AM  |  

Last Updated: 27th July 2018 06:51 AM  |   A+A-   |  

 

ചെന്നൈ: ആശുപത്രിയില്‍ പോകാന്‍ വിസമ്മതിക്കുകയും ഒടുവില്‍ യൂ ട്യൂബ് വീഡിയോ കണ്ട് പ്രസവം എടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശി കൃതിക(28)യാണ് മരിച്ചത്.വീട്ടില്‍ തന്നെ പ്രസവിക്കാനായിരുന്നു കൃതികയുടെ ആഗ്രഹം. കൃതികയും ഭര്‍ത്താവും ചേര്‍ന്ന് തന്നെയാണ് ഈ തീരുമാനം എടുത്തത്.

തുടര്‍ന്ന് എങ്ങനെ പ്രസവം എടുക്കാമെന്നത് സംബന്ധിച്ച യൂ ട്യൂബ് വീഡിയോകള്‍ ഇരുവരും ധാരാളം കണ്ടു. ഇത്പ്രകാരമായിരുന്നു പ്രസവ ശ്രുശ്രൂഷ. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് കൃതികയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി. ആരോഗ്യനില വഷളായതോടെ കൃതികയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ പ്രവീണും ഭാര്യ ലാവണ്യയുമാണ് വീട്ടില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ദമ്പതിമാരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.