പാനിപുരി കഴിക്കുന്നവര്‍ക്ക് തിരിച്ചടി: മഴക്കാലം കഴിയുന്നതുവരെ പാനിപുരിക്ക് നിരോധനം

പാനിപുരി പ്രേമികളെ വെട്ടിലാക്കി ഇതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.
പാനിപുരി കഴിക്കുന്നവര്‍ക്ക് തിരിച്ചടി: മഴക്കാലം കഴിയുന്നതുവരെ പാനിപുരിക്ക് നിരോധനം

വഡോദര: ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് എത്ര ഭക്ഷണം കഴിച്ചാലും റോഡരികില്‍ മാത്രം കിട്ടുന്ന ചില ആഹാരസാധനങ്ങളോട് ആളുകള്‍ക്ക് പ്രത്യേക താല്‍പര്യം തോന്നും. അങ്ങനെയൊന്നാണ് 'പാനിപുരി'. നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ ഇത് കേരളത്തിലും സുലഭമാണ്. പാനിപുരി പ്രേമികളെ വെട്ടിലാക്കി ഇതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. വഡോദരയിലാണ് മഴക്കാലം കഴിയുംവരെ പാനിപുരിക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയാണ് പുതിയ ഉത്തരവ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പാനിപുരികള്‍ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മഴക്കാലത്ത് റോഡരികില്‍ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ അവഗണിക്കണമെന്ന് നേരത്തേ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി രംഗത്തെത്തിയത്.

പനി, മഞ്ഞപ്പിത്തം, ഭക്ഷ്യവിഷബാധ എന്നിവ പ്രദേശത്ത് വര്‍ധിക്കുന്നതായും ആരോഗ്യകരമല്ലാത്ത രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് കാരണമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. വഡോദരയിലെ നിരവധി പാനിപുരി കേന്ദ്രങ്ങളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. കേട് വന്ന മൈദ, കേടായ എണ്ണ, ചീഞ്ഞ കിഴങ്ങ്, ദുര്‍ഗന്ധുളള വെള്ളം എന്നിവ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യം വിഭാഗം പരിശോധനയില്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവ കോര്‍പ്പറേഷന്‍ സംഘം നശിപ്പിച്ചു.

വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം പാനിപുരി കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃതമായി നടത്തിയ പാനിപുരി കടക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ മഴക്കാലം കഴിയുന്നത് വരെ പാനിപുരി വില്‍പന നിരോധിച്ച് കൊണ്ടാണ് വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com