ബിജെപി സഖ്യം വിഷം കുടിക്കുന്നതിന് സമാനമായിരുന്നു; തുടക്കം മുതല്‍ എതിര്‍ത്തിരുന്നുവെന്ന് മെഹ്ബൂബ മുഫ്തി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th July 2018 04:38 PM  |  

Last Updated: 28th July 2018 04:38 PM  |   A+A-   |  

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപിയുമായുള്ള സഖ്യത്തിന് താന്‍ എതിരായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് ഭരണം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പൊതു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. തുടക്കം മുതല്‍ ബിജെപിയുമായുള്ള സഖ്യത്തിന് താന്‍ എതിരായിരുന്നു. എന്നാല്‍ പിതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. പിതാവുമായി താന്‍ നിരന്തരം ആശയതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. 

വിഷം കുടിക്കുന്നതിന് സമാനമായിരുന്നു ബിജെപിയുമായുള്ള സഖ്യനീക്കമെന്ന് മെഹ്ബൂബ പറഞ്ഞു. എന്നാല്‍ തന്റെ ഭരണം കശ്മീരിന് ചില നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തുവെന്നും അവര്‍ അവകാശപ്പെട്ടു. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 മാറ്റണമെന്നുള്ള ബിജെപിയുടെ ആവശ്യം തടഞ്ഞുനിര്‍ത്താനും റംസാന്‍ കാലത്തെ വെടിനിര്‍ത്തലിനുമെല്ലാം തങ്ങളുടെ സര്‍ക്കാരിനെ കൊണ്ട് സാധിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു. 

പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതങ്ങളുടെ വര്‍ധനയും ആവശ്യപ്പൈട്ടിട്ടും മോദി പരിഗണിച്ചില്ലെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാനില്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച മുഫ്തി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇമ്രാന്‍ ഖാന്റെ നല്ല പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യണമെന്ന് മോദിയോട് ആവശ്യപ്പെട്ടു. 

2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ  പ്രചാരണം നടത്തിയ പാര്‍ട്ടിയായിരുന്നു പിഡിപി. എന്നാല്‍ ശത്രുതകളെല്ലാം മറന്ന് സഖ്യം രൂപീകരിച്ചാണ് ബിജെപി കശ്മീരില്‍ അധികാരത്തിലെത്തിയത്. അവിശുദ്ധ ബന്ധമെന്നായിരുന്നു കോണ്‍ഗ്രസ് അന്ന് അതിനെ വിശേഷിപ്പിച്ചത്.