അഛേ ദിന്‍ ലഭിച്ചോ?; ബിജെപിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം മാത്രം: ശശി തരൂര്‍

മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍
അഛേ ദിന്‍ ലഭിച്ചോ?; ബിജെപിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം മാത്രം: ശശി തരൂര്‍


ന്യൂഡല്‍ഹി:  മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയുടെ 'അഛേ ദിന്‍' പ്രയോഗത്തിനെതിരെയാണ് ഇത്തവണ തരൂരിന്റെ വിമര്‍ശനം.  കോണ്‍ഗ്രസ് കര്‍ഷകരുടെ ദുരിതമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ധ്രുവീകരണ അജണ്ട നടപ്പാക്കാനുള്ള ഒരു കാര്യവും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ല. അവര്‍ക്ക് അവകാശപ്പെടുന്നതിനായി നേട്ടങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെ 'അഛേ ദിന്‍' ഇനിയും സാധ്യമായിട്ടില്ല- തരൂര്‍ പറഞ്ഞു.

വിദേശ നയത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തരൂര്‍ ആരോപിച്ചു. ഈ പരാജയങ്ങളെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം യാതൊരു സ്വാധീനവും ചെലുത്താനാകാതെ പോയി. 2014ല്‍ നിന്ന് ഇപ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടോയെന്നാണു ഞങ്ങള്‍ വോട്ടര്‍മാരോടു ചോദിക്കുന്നത്. അഛേ ദിന്‍ ലഭിച്ചോ? ഭൂരിഭാഗം പേരുടെയും ഉത്തരം ഇല്ലെന്നായിരുന്നു-തരൂര്‍ വ്യക്തമാക്കി. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഛേ ദിന്‍ (നല്ല നാളുകള്‍) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ റാഫേല്‍ ആയുധ ഇടപാടിലെ അഴിമതി, കര്‍ഷകരുടെ ദുരിതം എന്നിവ അജണ്ടകളാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയദിനത്തിലെ രാഹുലിന്റെ പ്രസംഗം ഇതാണു കാണിക്കുന്നത്. ഇന്ത്യ ഹിന്ദു പാക്കിസ്ഥാന്‍ ആണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇനിയും ബിജെപി അധികാരത്തിലേറിയാല്‍ ഹിന്ദു രാഷ്ട്രം എന്ന അവരുടെ പദ്ധതിയെ തടയാന്‍ ആര്‍ക്കുമാകില്ലെന്നാണ് ഉദ്ദേശിച്ചത്- തരൂര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com