വീണ്ടും കൂട്ട ആത്മഹത്യ; മരിച്ചത് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2018 07:54 PM  |  

Last Updated: 30th July 2018 07:54 PM  |   A+A-   |  

dead

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. റാഞ്ചി അര്‍സാണ്ടെയിലെ വാടകവീട്ടിലാണ് കുടുംബാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നും ആറും വയസുള്ള രണ്ട് കുട്ടികളടക്കമുള്ള ഏഴ്‌പേരാണ് മരിച്ചത്. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് കുടുംബാംഗങ്ങള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയൊള്ളു എന്നും പൊലീസ് പറഞ്ഞു. 

വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥനായ ശശി കുമാര്‍ (65), ഭാര്യ ഗായത്രി ദേവി(60) അവരുടെ മക്കളായ ദീപക് (40), രൂപേഷ്(39), ദീപക്കിന്റെ ഭാര്യ സോണി(38) ഇവരുടെ ആറും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം രൂപേഷും ദീപക്കും ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റ് മൃതദേഹങ്ങളില്‍ മുറിവുകള്‍ കണ്ടതാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണം.