കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി സെക്രട്ടറിയെ മര്‍ദിച്ചു ; സംസ്ഥാന നേതാക്കളെ രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 01:18 PM  |  

Last Updated: 31st July 2018 01:18 PM  |   A+A-   |  

ഭോപ്പാല്‍ : ചേരി തിരിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയെ കൈകാര്യം ചെയ്തു. മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബറിയയ്ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം ഏറ്റത്. മധ്യപ്രദേശിലെ റേവയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാബറിയയെ കൈകാര്യം ചെയ്തത്. 

പ്രതിപക്ഷ നേതാവ് അജയ് സിംഗിനെ അനുകൂലിക്കുന്ന വിഭാഗമാണ് ബാബറിയയെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റേവയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ, മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് ചോദിച്ചു. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരില്‍ ഒരാള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ബാബറിയ മറുപടി പറഞ്ഞു. 

വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങിയ ദീപക് ബാബറിയയെ, നിലവിലെ പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ അനുകൂലികള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. കമല്‍നാഥ്, സിന്ധ്യ അനുകൂലികളാണ് ബാബറിയയെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. അജയ് സിംഗിന്റെ ശക്തികേന്ദ്രമാണ് റേവ-സത്‌ന-സിദ്ധി മേഖലകള്‍. ഇത്തരം സംഭവം നടക്കരുതായിരുന്നെന്നും, അക്രമികള്‍ തന്റെ അനുയായികള്‍ അല്ലെന്നും അജയ് സിംഗ് പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംഭവം അറിഞ്ഞ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളെ അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയത്. അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയ ചേരിതിരിവ് അധികാരത്തില്‍ തിരിച്ചെത്തുക എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യത്തിന് തിരിച്ചടിയാകുമോ എന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്.