ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ;  മറ്റൊരു യുവതിയുമായുള്ള അശ്ലീല വീഡിയോ അയച്ചുകൊടുത്ത് യുവാവിന്റെ പ്രതികാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 10:49 PM  |  

Last Updated: 31st July 2018 10:49 PM  |   A+A-   |  

 

ചെന്നൈ: പൗരുഷത്വം തെളിയിക്കാനും വിവാഹ മോചനം ഒഴിവാക്കാനും ഭാര്യവീട്ടുകാര്‍ക്ക് അശ്ലീല വീഡിയോ നിര്‍മിച്ച് അയച്ച് കൊടുത്ത് യുവാവ്. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ് വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ അശ്ലീല വീഡിയോ നിര്‍മിച്ച് അയച്ചത്. ഭാര്യവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഐ.ടി നിയമം പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. പീഡനം, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 32കാരനായ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.  

ലൈംഗിക ശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ ഭാര്യാ പിതാവിനും ഭാര്യയുടെ അമ്മായിക്കുമാണ്‌ വിഭാവസു വീഡിയോ അയച്ച് കൊടുത്തത്. പുരുഷത്വത്തെ ചോദ്യം ചെയ്തതിന് മറുപടിയായിട്ടാണ് മറ്റൊരു യുവതിയുമായുള്ള വീഡിയോ അയച്ച് കൊടുത്തതെന്ന് വിഭാവസു പറഞ്ഞു. 

2016ലാണ് വിഭാവസു ചെന്നൈ മുതമിഴ് നഗറിലുള്ള അനുഷയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞുള്ളൂ. തുടര്‍ന്ന് അനുഷ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹശേഷമുണ്ടായ അകല്‍ച്ച പരിഹരിക്കാന്‍ ഇരു കുടുംബങ്ങളും ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. പിന്നീട് അനുഷ വിവാഹ മോചന ഹര്‍ജി നല്‍കി. ഇതോടെയാണ് യുവാവ് തന്റെ പൗരുഷം തെളിയിക്കാന്‍ വീഡിയോ നിര്‍മിച്ച് അയച്ചത്. 

വീഡിയോ അഭിനയമാണെന്നും മൂന്നാമതൊരു വ്യക്തിയാണ് ഇത് പകര്‍ത്തിയതെന്ന് വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.