വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക; രാജ്യത്ത് 277 വ്യാജ എന്‍ജിനീയറിങ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നു

രാജ്യത്ത് എന്‍ജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 277 വ്യാജ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്
വിദ്യാര്‍ഥികള്‍ സൂക്ഷിക്കുക; രാജ്യത്ത് 277 വ്യാജ എന്‍ജിനീയറിങ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നു

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക. രാജ്യത്ത് എന്‍ജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 277 വ്യാജ കോളജുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മാനവ വിഭവശേഷി സഹ മന്ത്രി സത്യപാല്‍ സിങ് പാര്‍ലമെന്റില്‍ വച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഒരു കോളജുകളും പെട്ടിട്ടില്ല. 66 കോളജുകളുമായി തലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 11 കോളജുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്നും പട്ടികയില്‍ പറയുന്നു. തെലങ്കാനയില്‍ 35ഉം പശ്ചിമ ബംഗാളില്‍ 27ഉം വ്യാജ കോളജുകള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണാടകയില്‍ 23, ഉത്തര്‍ പ്രദേശില്‍ 22, ഹരിയാനയില്‍ 18, മഹാരാഷ്ട്രയില്‍ 16 എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളിലെ വ്യാജ എന്‍ജിനീറിങ് കോളജുകളുടെ എണ്ണം. 

ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ (എ.ഐ.സി.ടി.ഇ) അനുമതിയില്ലാതെ നിരവധി കോളജുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ അറിയിച്ചു. ഈ സ്ഥാപനങ്ങള്‍ അടിയന്തരമായി എ.ഐ.സി.ടി.ഇയുടെ അനുമതി തേടണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അടച്ചുപൂട്ടിക്കും. യു.ജി.സി ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രാജ്യത്തെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടികയും കൊടുത്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ വ്യാജ എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം

ഡല്‍ഹി  66
തെലങ്കാന  35
പശ്ചിമ ബംഗാള്‍  27
കര്‍ണാടക  23
ഉത്തര്‍പ്രദേശ്  22
 ഹിമാചല്‍ പ്രദേശ്  18
ബിഹാര്‍  17
മഹാരാഷ്ട്ര  16
തമിഴ്‌നാട്  11
ഗുജറാത്ത് 8
ആന്ധ്രാപ്രദേശ് 7
ചണ്ഡീഗഢ് 7
പഞ്ചാബ് 5
രാജസ്ഥാന്‍ 3
ഉത്തരാഖണ്ഡ് 3

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com