കര്‍ഷക പ്രക്ഷോഭം: മോദിയുടെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍

ജപ്പാന്‍ സഹായത്തോടെ മുംബൈയില്‍ നടപ്പാക്കാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയില്‍
കര്‍ഷക പ്രക്ഷോഭം: മോദിയുടെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍

മുംബൈ: ജപ്പാന്‍ സഹായത്തോടെ മുംബൈയില്‍ നടപ്പാക്കാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയില്‍. കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മോദിയുടെ സ്വപ്‌നപദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 1700കോടി ഡോളറിന്റെ പദ്ധതിയാണ് ജപ്പാന്‍ സഹായത്തോടെ കേന്ദ്രം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാമ്പഴ,സപ്പോട്ട കര്‍ഷകരാണ് ഇപ്പോള്‍ പദ്ധതിക്കെതിരെ സമരം നടത്തുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുനവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്ന പ്രധാനപ്പെട്ട 108 കിലോമീറ്ററിലാണ് ഇപ്പോള്‍ സമരം നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സമരത്തിനുണ്ട്. തങ്ങള്‍ വര്‍ഷങ്ങളായി വിയര്‍പ്പൊഴുക്കി സമ്പാദിച്ച ഭൂമി പെട്ടേന്ന് ഒഴിയണം എന്നുപറഞ്ഞാല്‍ നടക്കില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. 

പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് രാജ്യത്ത് വലിയ ബുദ്ധിമുട്ടാണെന്ന് നാഷ്ണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വക്താവ് ധനഞ്ജയ് കുമാര്‍ പറയുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രധാന ബുദ്ധിമുട്ട് ധാരാളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിപ്പിച്ചെടുക്കലാണെന്നും അദ്ദേഹം പറയുന്നു. 

സ്ഥലമേറ്റെടുപ്പ് ഡിസംബറിനുള്ളളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജപ്പാനില്‍ നിന്ന് ലഭിക്കുന്ന ധനസഹായം വൈകും. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കുടിയൊഴിപ്പിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് വ്യക്തമായ പ്ലാനുണ്ടാക്കണമെന്ന് പദ്ധതിയില്‍ സഹായിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷ്ണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com