അഞ്ചുരൂപയുടെ പോപ്‌കോണിന് തിയേറ്ററില്‍ 250 രൂപ; മാനേജര്‍ക്കും ജീവനക്കാര്‍ക്കും   മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയുടെമര്‍ദ്ദനം

തിയേറ്ററിനുള്ളില്‍ പോപ്‌കോണിന് അധിക വില ഈടാക്കിയെന്ന് ആരോപിച്ച് ജീവനക്കാരെ മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേന മര്‍ദ്ദിച്ചു
അഞ്ചുരൂപയുടെ പോപ്‌കോണിന് തിയേറ്ററില്‍ 250 രൂപ; മാനേജര്‍ക്കും ജീവനക്കാര്‍ക്കും   മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയുടെമര്‍ദ്ദനം

പൂനെ: അഞ്ചു രൂപയുടെ പോപ്‌കോണിന് തിയേറ്ററിനുള്ളില്‍ 250 രൂപ ഈടാക്കിയെന്ന് ആരോപിച്ച് പൂനെയിലെ തിയേറ്ററുടമയെയും ജീവനക്കാരെയും രാജ് താക്കറെയുടെ അനുകൂലികള്‍ മര്‍ദ്ദിച്ചു. മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയാണ് അക്രമം നടത്തിയത്. ഹൈക്കോടതി വിധിയനുസരിച്ച് പോപ് കോണിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മാനേജര്‍ മറാത്തി അറിയില്ലെന്ന് പറഞ്ഞതാണ് എംഎന്‍എസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പോപ്‌കോണിന് വില കൂട്ടിയതിനല്ല, മറാത്തി അറിയില്ലെന്ന് പറഞ്ഞതിനാണ് മാനേജരെയും ജീവനക്കാരെയും മര്‍ദ്ദിച്ചതെന്ന ആരോപണം എംഎന്‍എസ് പ്രവത്തകര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. ഒരു നാട്ടില്‍ ജീവിക്കുമ്പോള്‍ പ്രാദേശിക ഭാഷ അത്യാവശ്യം അറിഞ്ഞിരിക്കണം എന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. 

സംഭവത്തെ കുറിച്ച് കിഷോര്‍ ഷിന്‍ഡെയെന്ന എംഎന്‍എസ് പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെയാണ്,' അഞ്ച് രൂപയുടെ പോപ് കോണ്‍ 250 രൂപയ്ക്കാണ് തിയേറ്ററിനുള്ളില്‍ വിറ്റുകൊണ്ടിരുന്നത്. തിയേറ്ററിനുള്ളിലെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കണമെന്ന് ബോംബൈ ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.ഇതടങ്ങിയ പത്രറിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ മാനേജരോട് വായിക്കാന്‍ ആവശ്യപ്പെട്ടു, അയാള്‍ അപ്പോള്‍ മറാത്തി അറിയില്ല എന്ന് പറഞ്ഞു. മറാത്തി അറിയാത്തതിനാല്‍ ഞങ്ങള്‍ അയാളെ എംഎന്‍എസിന്റെ രീതിയില്‍ മനസിലാക്കിക്കൊടുത്തു' . എംഎന്‍എസ് നേതാവിന്റെ വാക്കുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com