രാജീവ് ഗാന്ധിയുടെ ഏതു പ്രതിമ? ആരു തകര്‍ത്തു? നടക്കുന്നത് ആസൂത്രിത പ്രചാരണമെന്നു സംശയം

രാജീവ് ഗാന്ധിയുടെ ഏതു പ്രതിമ? ആരു തകര്‍ത്തു? നടക്കുന്നത് ആസൂത്രിത പ്രചാരണമെന്നു സംശയം
രാജീവ് ഗാന്ധിയുടെ ഏതു പ്രതിമ? ആരു തകര്‍ത്തു? നടക്കുന്നത് ആസൂത്രിത പ്രചാരണമെന്നു സംശയം

ന്യൂഡല്‍ഹി: ത്രിപുരയിലെ ബെലോണയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് 2008ല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിനു സമാനമെന്ന പ്രചാരണം ആസൂത്രിതമെന്ന സംശയം ശക്തമാവുന്നു. ത്രിപുരയില്‍ സംഘപരിവാര്‍ അക്രമങ്ങള്‍ വ്യാപകമാവുന്നതിനിടെ ഗവര്‍ണര്‍ നടത്തിയ ട്വീറ്റിനെ വ്യഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചാരണത്തില്‍ പറയുന്നതുപോലെ 2008ല്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതിനു പിന്നാലെ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിട്ടുണ്ടോയെന്നതിന് സ്ഥിരീകരണമില്ല.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു ചെയ്യാമെങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് അതു തിരുത്താം, തിരിച്ചും ചെയ്യാം എന്നാണ് ഗവര്‍ണര്‍ തഥാഗത റോയ് ട്വീറ്റ് ചെയ്തത്. ഇതിനെ വ്യാഖ്യാനിച്ച് ഒരു ഇംഗ്ലിഷ് മാധ്യമമാണ്, രാജീവ് ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഗവര്‍ണര്‍ സൂചിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ പ്രമുഖരായ നേതാക്കളുടെ പ്രതിമകള്‍ തകര്‍ത്ത കാര്യങ്ങള്‍ മനസില്‍ കണ്ടാവാം ഗവര്‍ണര്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞത് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008ല്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നതിനു പിന്നാലെ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിനു സമാനമാണ് ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതെന്ന റിപ്പോര്‍ട്ട് വന്നതോടെ, നേരത്തെ സിപിഎം ചെയ്തതിന് അതേ നാണയത്തില്‍ മറുപടി കിട്ടുകയാണെന്ന പ്രചാരണങ്ങള്‍ക്കു ശക്തികൂടി. ത്രിപുരയിലെ അക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന വിധത്തിലായിരുന്നു ഈ പ്രചാരണങ്ങള്‍. എന്നാല്‍ 2008ല്‍ ഇത്തരത്തില്‍ രാജീവ് ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടിട്ടുണ്ടോ എന്നതിന് എവിടെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തെളിവുകളും ലഭ്യമല്ല.

അധികാരത്തിലിരുന്നപ്പോള്‍ ഇടതുപക്ഷം ചെയ്തതാണ് ഇപ്പോള്‍ തിരിച്ചുകിട്ടിക്കൊണ്ടിരിക്കുന്നത് എന്ന പ്രചാരണം ത്രിപുരയില്‍ അക്രമം തുടങ്ങിയപ്പോള്‍ മുതല്‍ ഒരു വിഭാഗം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണോ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത് എന്ന സംശയമാണ് മാധ്യമപ്രവര്‍ത്തകരില്‍ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com