പാസ്പോർട്ട് സസ്പെൻഡ് ചെയ്തില്ലേ ? പിന്നെങ്ങിനെ ഇന്ത്യയിലെത്തും ; സിബിഐയോട് മെഹുൽ ചോക്സി

തന്റെ സ്വത്തുവകകൾ പിടിച്ചെടുത്തതും ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇന്ത്യയിലെ ഒാഫീസുകൾ പൂട്ടിയതും മുൻവിധികളോടെയുള്ള നടപടിയാണ്
പാസ്പോർട്ട് സസ്പെൻഡ് ചെയ്തില്ലേ ? പിന്നെങ്ങിനെ ഇന്ത്യയിലെത്തും ; സിബിഐയോട് മെഹുൽ ചോക്സി

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്ക്​ തട്ടിപ്പ്​ കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വജ്രവ്യാപാരി മെഹുൽ ചോക്സി സിബിഐക്ക് കത്തയച്ചു. തന്റെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പിന്നെങ്ങനെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സുധാകരൻ കത്തിൽ സിബിഐയോട് ചോദിച്ചു. തന്റെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തതിൽ വിശദീകരണം തേടിയിട്ട് മുംബൈയിലെ റീജണൽ പാസ്പോർട്ട് ഓഫീസ് അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല. താനെങ്ങനെ ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാകുന്നതെന്നും മാർച്ച് ഏഴിന് അയച്ച കത്തിൽ മെഹുൽ ചോക്സി ചോദിക്കുന്നു. 

തന്റെ സ്വത്തുവകകൾ പിടിച്ചെടുത്തതും ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇന്ത്യയിലെ ഒാഫീസുകൾ പൂട്ടിയതും മുൻവിധികളോടെയുള്ള നടപടിയാണ്.   നിയമപരമായ നടപടികളിൽ പോലും മുൻനിശ്ചയിക്കപ്പെട്ടതുപോലെ അന്വേഷണ ഏജൻസി ഇടപെടുന്നുവെന്നും കത്തിൽ ചോക്സി ആരോപിക്കുന്നു. ആരോ​ഗ്യപരമായും തന്റെ അവസ്ഥ മോശമാണ്. ഫെബ്രുവരിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തപ്പെട്ട തനിക്ക്, യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും യാത്ര ചെയ്യാനാകില്ലെന്നും മെഹുൽ ചോക്സി കത്തിൽ പറയുന്നു. 

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 12,600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മെഹുൽ ചോക്സിയെയും അനന്തരവൻ നീരവ് മോദിയെയും സിബിഐയും എൻഫോഴ്സ്മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാ​ഗമായി മെഹുൽ ചോക്സിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. മുംബൈയിലെയും ഹൈദരാബാദിലെയും ഫ്‌ലാറ്റുകള്‍ അടക്കം 1217 കോടി വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 

ഗീതാഞ്ജലി ജെംസ് പ്രമോട്ടറായ മെഹുല്‍ ചോക്‌സിയുടെ മുംബൈയിലെ 15 ഫ്‌ലാറ്റുകള്‍, 17 ഓഫീസ് സമുച്ചയങ്ങള്‍, കൊല്‍ക്കത്തയിലെ മാള്‍, 
ഹൈദരാബാദിലെ 500 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്ക്, മഹാരാഷ്ട്രയിലെ ബോറിവാലിയിലെ നാല് ഫ്‌ലാറ്റുകള്‍, സാന്റാക്രൂസിലെ ഖേമു ടവേഴ്‌സിലെ ഒമ്പത് ഫ്‌ലാറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com