സര്‍ക്കാര്‍ ജോലി വേണോ ഇനി പട്ടാളത്തില്‍ പോകണം ; ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്
സര്‍ക്കാര്‍ ജോലി വേണോ ഇനി പട്ടാളത്തില്‍ പോകണം ; ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ഇനി പിഎസ് സിയെയോ, യുപിഎസ് സിയെയോ മാത്രം ആശ്രയിച്ചാല്‍ പോരാ. സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.  കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം.

കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ഉണ്ടാക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈനികരംഗത്തുള്ള ആള്‍ക്ഷാമം പരിഹരിക്കുന്നതിനും, സര്‍ക്കാര്‍ ജീവനക്കാരുടെ അന്തസും കാര്യക്ഷമതയും ഉയരുന്നതിനും ഉപകരിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 

നിലവില്‍ സൈന്യത്തില്‍ 7000 ഉദ്യോഗസ്ഥരുടെയും 20,000 ത്തോളം സൈനികരുടെയും കുറവുള്ളതായാണ് റിപ്പോര്‍ട്ട്. നാവിക സേനയില്‍ 150 ഉദ്യോഗസ്ഥരുടെയും 15,000 നാവികരുടെയും കുറവാണ് ഉള്ളത്. വ്യോമസേനയിലും 150 ഓഫീസര്‍മാരുടെയും 15,000 സൈനികരുടെയും കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്ററി കമ്മറ്റി മുന്നോട്ടു വെച്ചത്. 

നിര്‍ബന്ധിത സൈനിക സേവനമെന്ന നിര്‍ദേശത്തോട് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ തണുപ്പന്‍ പ്രതികരണത്തില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അതൃപ്തിയിലാണ്. സൈനിക രംഗത്തെ ആള്‍ക്ഷാമം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ്. സമിതിയുടെ നിര്‍ദേശം പ്രതിരോധമന്ത്രാലയം ഗൗരവമായി എടുക്കണമെന്നും, ഇതിന്റെ പ്രാധാന്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെടുന്നു.  

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റെയില്‍വേയില്‍ മാത്രം 30 ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിലായി രണ്ട് കോടി ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ, ഉദ്യോഗസ്ഥ തലത്തില്‍ പെരുകുന്ന ഉത്തരവാദിത്വമില്ലായ്മയും അഴിമതിയും കുറയ്ക്കാന്‍ ഗുണം ചെയ്യുമെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com