അക്രമ സമരം മൗലിക അവകാശമല്ല: സുപ്രിം കോടതി

സമാധാനപരമായി സംഘടിക്കുന്നതിനുളള അവകാശം മാത്രമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്ന് സുപ്രിം കോടതി
അക്രമ സമരം മൗലിക അവകാശമല്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: അക്രമ സമരങ്ങള്‍ പൗരന്റെ മൗലിക അവകാശങ്ങളുടെ പരിധിയില്‍ വരില്ലെന്ന് സുപ്രിം കോടതി. സമരത്തിന്റെ കാരണം ന്യായീകരിക്കത്തതാണെങ്കിലും പ്രതിഷേധത്തിന് അക്രമ മാര്‍ഗം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

തനിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കെതിരെ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള അക്രമ മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധത്തിന് അഭിപ്രായ പ്രകടനത്തിനുള്ള മൗലികാവകാശങ്ങളുടെ പരിരക്ഷ ലഭിക്കില്ലെന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ വ്യക്തമാക്കി. സ്വത്തിനും ചിലപ്പോള്‍ ജീവനു തന്നെയും ഭീഷണിയാവുന്ന സമര മാര്‍ഗങ്ങള്‍ പൗരന്റെ അവകാശമാണെന്നു പറയാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സമാധാനപരമായി സംഘടിക്കുന്നതിനുളള അവകാശം മാത്രമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നതെന്ന് സുപ്രിം കോടതി വ്യക്തമാക്കി. രാഷ്ട്രീയമോ മതപരമോ സാമൂഹികമോ മറ്റേതെങ്കിലും വിധത്തിലോ ഉള്ള, അക്രമ മാര്‍ഗത്തിലൂടെയുള്ള പ്രതിഷേധത്തിന് ഭരണഘടനയുടെ പത്തൊന്‍പതാം അനുഛേദപ്രകാരമുള്ള പരിരക്ഷ ലഭിക്കില്ല. പൊതുശല്യമാവുന്നതോ പൊതു, സ്വകാര്യ ജീവിതത്തിനു ഭീഷണിയാവുന്നതോ ആയ പ്രതിഷേധങ്ങള്‍ നിയമ വിരുദ്ധം തന്നെയാണെന്നു വിശദീകരിക്കുന്നതാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി.

പ്രകടനം പല വിധത്തിലാവാം. അത് ജനജീവിതത്തെ തടസപ്പെടുത്തുന്നതാവാം, ചിലപ്പോള്‍ കല്ലേറു പോലെയുള്ള അക്രമ മാര്‍ഗങ്ങളിലേക്കു തിരിയുന്നതാവാം. ഇവയൊന്നും അഭിപ്രായ പ്രകടനത്തിനുള്ള മൗലിക അവകാശത്തിന്റെ പരിധിയില്‍ വരില്ല. സമാധാനപരമായി സംഘടിക്കുന്നതിനുള്ള മൗലിക അവകാശം മാത്രമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്- പരമോന്നത കോടതി വ്യക്തമാക്കി.

അഭിപ്രായ പ്രകടനത്തിനുള്ള അവകാശം പരസ്യമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവകാശം തന്നെയാണ്, എന്നാല്‍ അത് അക്രമത്തെ ഇളക്കിവിടുന്നതാവരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ സഞ്ചാര സ്വാതതന്ത്ര്യം തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നു വ്യക്തമാക്കി ബന്ദ് നിമയവിരുദ്ധമായി പ്രഖ്യാപിച്ച കേരള ഹൈക്കോടതി വിധിയില്‍നിന്നുള്ള ഭാഗങ്ങള്‍ സുപ്രിം കോടതി ഉത്തരവില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com