ബിജെപിക്ക് അദ്വാനിയുടെയും വാജ്‌പേയിയുടെയും കാലത്തെ മുഖമല്ല ഇപ്പോള്‍: മോദിയെ കടന്നാക്രമിച്ച് ശരദ് യാദവ്

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് എതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് താനെന്ന് മുന്‍ ജെഡിയു എംപി ശരദ് യാദവ്.
ബിജെപിക്ക് അദ്വാനിയുടെയും വാജ്‌പേയിയുടെയും കാലത്തെ മുഖമല്ല ഇപ്പോള്‍: മോദിയെ കടന്നാക്രമിച്ച് ശരദ് യാദവ്

ലക്‌നൗ: ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് എതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് താനെന്ന് മുന്‍ ജെഡിയു എംപി ശരദ് യാദവ്. ലക്‌നൗവില്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്  മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ ബിജപിക്ക് എതിരെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി രാജ്യം മുഴുവന്‍ സഞ്ചരിക്കുകയാണ്,അദ്ദേഹം പറഞ്ഞു. 

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഏറ്റവും വലുത്. ഒരു വലിയ മുന്നണി ബിജെപിക്കെതിരെ ഉയര്‍ന്നുവരും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശരദ് യാദവ് കൂട്ടിച്ചേര്‍ത്തു. 

താന്‍ എന്‍ഡിഎ കണ്‍വീനറായിരുന്നപ്പോള്‍ ബിജെപിക്ക് വാജപേയിയുടേയും അദ്വാനിയുടെയും കീഴില്‍ ഒരു ദേശീയ അജണ്ട ഉണ്ടായിരുന്നു, ഇപ്പോളത് വിഭജന രാഷ്ട്രീയമായി മാറി. കേന്ദ്രം ഭരിക്കുന്നവര്‍ ഇപ്പോള്‍ മതത്തിന്റെ പേരില്‍ ജനതയെ വിഭജിക്കുകയാണ്,അദ്ദേഹം പറഞ്ഞു. 
ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമാണ് കറങ്ങുന്നത്. ഭരണഘടന വിരുദ്ധമായ പ്രസ്താവനകളാണ് ആദിത്യനാഥ് നടത്തുന്നതെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. 

ഗൊരഖ്പൂരിലേയും ഫൂല്‍പൂരിലേയും ബിജൈപിയുടെ പതനം രാജ്യത്തിന് മുഴുവനുള്ള മുന്നറിയിപ്പാണ്. ജനങ്ങള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഒരു വിഭാഗം ആളുകളും ബിജെപി ഭരണത്തില്‍ സന്തുഷ്ടരല്ല.അടുത്ത തെരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്‌ലിം അജണ്ട നടപ്പാകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസാണ് വിജയിച്ചത്, പക്ഷേ ബിജെപി സര്‍ക്കാരുണ്ടാക്കി. മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ കക്ഷി, ബിജെപി രാഷ്ട്രീയ ധാര്‍മികത കാറ്റില്‍ പറത്തിയിരിക്കുകയാണ്. അവരുടെ അജണ്ട എങ്ങനെയെങ്കിലും ഭരണത്തിലേറുക എന്നത് മാത്രമാണ്, യാദവ് തുറന്നടിച്ചു. 

ബിഹാറിലെ മഹാസഖ്യം പിളര്‍ത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് ശരദ് യാദവ് ജെഡിയു വിട്ടത്. ശേഷം ബിജെപിയേയും ജെഡിയു നിതീഷ് കുമാര്‍ വിഭാഗത്തേയും നിരന്തരം ആക്രമിക്കുന്ന നയമാണ് ശരദ് യാദവ് സ്വീകരിച്ചു വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com