സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച

ഇംപീച്ച്‌മെന്റ് നോട്ടീസിന് അമ്പതില്‍ അധികം എംപിമാരുടെ പിന്തുണയായി. സിപിഎം, സിപിഐ എംപിമാരും ഇംപിച്ച്‌മെന്റ് നടപടിയെ പിന്തുണച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച. ഇംപീച്ച്‌മെന്റ് നോട്ടീസിന് അമ്പതില്‍ അധികം എംപിമാരുടെ പിന്തുണയായി. സിപിഎം, സിപിഐ എംപിമാരും ഇംപിച്ച്‌മെന്റ് നടപടിയെ പിന്തുണച്ചു. ദീപക് മിശ്രയെ പുറത്താക്കാനുള്ള സാധ്യത തേടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പിന്തുണയറിയിച്ച് ഒപ്പിട്ടിരുന്നു. എന്‍സിപിയിലെ മജീദ് മേമനും ഒപ്പിട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നതായാണു വിവരം. 

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം മുതലേ പരസ്യമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com