ആധാര്‍ സ്വകാര്യകമ്പനികള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി.
ആധാര്‍ സ്വകാര്യകമ്പനികള്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് വേണ്ടി ആധാര്‍ ഉപയോഗിക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നത് നിയമ ലംഘനമല്ലെയെന്നും സുപ്രീംകോടതി ചോദിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ആധാര്‍ ഉപയോഗിക്കാന്‍  സ്വകാര്യകമ്പനികളെ അനുവദിക്കുന്നത് നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതാണോയെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് അത്ഭൂതം പ്രകടിപ്പിച്ചു. നിയമത്തിലെ 57-ാം അനുച്ഛേദമാണ് മുഖ്യപ്രശ്‌നമെന്നും ചന്ദ്രചൂഢ് ചൂണ്ടികാട്ടി. സാമൂഹ്യക്ഷേമപദ്ധതികളുടെ ആനുകൂല്യം കുറ്റപ്പെട്ട നിലയില്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 12 അക്ക ബയോമെട്രിക് നമ്പര്‍ അനുവദിക്കുന്നത്. ഇത് നിയമത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ടെലിഫോണ്‍ കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് അനുമതി നല്‍കുന്ന 57 -ാം അനുച്ഛേദമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി.

അഴിമതി തടയാനാണ് ആധാര്‍ നടപ്പിലാക്കിയതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. ഇടനിലക്കാരെ ഒഴിവാക്കി അര്‍ഹര്‍ക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ആധാര്‍ നിയമത്തിന്റെ കാതലെന്നും വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് നിയമത്തിലെ 57 -ാം അനുച്ഛേദം ജസ്റ്റിസ് ചന്ദ്രചൂഡ് ഉന്നയിച്ചത്. ആധാര്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല ഈ അനുച്ഛേദമെന്ന് ചന്ദ്രചൂഡ് ചൂണ്ടികാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com