വിളവ് വില്‍ക്കാന്‍ കാത്തുനിന്നത് നാലുദിനം; കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു

മധ്യപ്രദേശില്‍ വിളവെടുത്ത കാര്‍ഷികോത്പ്പനങ്ങളുടെ വില്‍പ്പനയ്ക്കായി നാലുദിവസം കാത്തുനിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു
വിളവ് വില്‍ക്കാന്‍ കാത്തുനിന്നത് നാലുദിനം; കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിളവെടുത്ത കാര്‍ഷികോല്‍പ്പനങ്ങളുടെ
വില്‍പ്പനയ്ക്കായി നാലുദിവസം കാത്തുനിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു. സംഭരണകേന്ദ്രത്തില്‍ കാര്‍ഷികോല്‍പ്പനങ്ങളുടെ വില്‍പ്പനയ്ക്കായി സര്‍ക്കാരിന്റെ കനിവ് കാത്ത് നിന്ന കര്‍ഷകനാണ് അതിദാരുണമായി മരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രദേശത്ത് കര്‍ഷകര്‍ പ്രതിഷേധിച്ചു.

വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാമത്തില്‍ കൃഷി വകുപ്പിന്റെ സംഭരണകേന്ദ്രത്തിലാണ് ദാരുണമായ സംഭവം. 65 വയസുകാരനായ മുല്‍ചന്ദിനാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജീവന്‍ നഷ്ടമായത്. വിളവെടുത്ത ഉല്‍പ്പനങ്ങളുടെ വില്‍പ്പനയ്ക്കായി നാലുദിവസം മുന്‍പ് സംഭരണകേന്ദ്രത്തില്‍ എത്തിയതാണ് മുല്‍ചന്ദ്. തന്റെ ഊഴം കാത്ത് നിന്ന മുല്‍ചന്ദ് വെയിലേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. പകല്‍ സമയങ്ങളില്‍ പ്രദേശത്ത് 42 മുതല്‍ 43 ഡിഗ്രി വരെയാണ് അന്തരീക്ഷ ഊഷ്മാവ്.

കൃഷിവകുപ്പിന്റെ സംഭരണകേന്ദ്രത്തില്‍  ഉല്‍പ്പനങ്ങള്‍ തൂക്കിനോക്കുന്നതിന് പരിമിതമായ സംവിധാനങ്ങള്‍ മാത്രമാണ് ഉളളത്. 400 പേരാണ് കാര്‍ഷികോല്‍പ്പനങ്ങളുമായി സംഭരണകേന്ദ്രത്തിലെത്തിയത്. ട്രാക്ടറിലാണ് വിളവുമായി കര്‍ഷകര്‍ സംഭരണകേന്ദ്രത്തിലെത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കര്‍ഷകര്‍ ദിവസങ്ങളോളം സംഭരണകേന്ദ്രത്തില്‍ തങ്ങുന്നത് പതിവാണ്. താല്ക്കാലിക സംവിധാനത്തില്‍ ഊഴം കാത്തുളള കാത്തിരിപ്പ് ദുരിതം നിറഞ്ഞതാണെന്ന് കര്‍ഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com