ഒന്നാം റാങ്കുകാരിക്ക് 499/500; ആദ്യമൂന്നുസ്ഥാനവും കയ്യടക്കി പെണ്‍കുട്ടികള്‍

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പെണ്‍കുട്ടികള്‍ കൈയ്യടക്കി
ഒന്നാം റാങ്കുകാരിക്ക് 499/500; ആദ്യമൂന്നുസ്ഥാനവും കയ്യടക്കി പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പെണ്‍കുട്ടികള്‍ കൈയ്യടക്കി. 500ല്‍ 499മാര്‍ക്കും നേടി നോയിഡയിലെ സ്‌റ്റെപ് ബൈ സ്റ്റെപ് സ്‌കൂളിലെ മേഘ്‌ന ശ്രീവാസ്തവയാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. മറ്റു രണ്ടു റാങ്കുകാരും ഒരോ മാര്‍ക്കിനു മാത്രമാണ് പിന്നില്‍. 498 മാര്‍ക്കുമായി ഗാസിയാബാദിലുള്ള എസ്എജെ സ്‌കൂളിലെ അനുഷ്‌ക ചന്ദ്ര രണ്ടാം റാങ്കും ജയ്പ്പൂരിലെ നീരജ മോഡി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചാഹത് ബോധ്രാജ് മൂന്നാം സ്ഥാനവും നേടി. ചാഹതിനൊപ്പം 497മാര്‍ക്ക് സ്വന്തമാക്കി ആറ് പേര്‍ക്കൂടി മൂന്നാം സ്ഥാനത്തുണ്ട്.

ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയായ അല്‍പന ശ്രീവാസ്തവയുടെയും മാനേജ്‌മെന്റ് സ്ഥാപനത്തിലെ അദ്ധ്യാപകനായ ഗൗതം ശ്രീവാസ്തവയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ മേഘ്‌ന. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മേഘ്‌നയുടെ ഇഷ്ടങ്ങളില്‍ പാചകവും സിനിമയും ഇടം നേടുന്നു. 

ഒന്നാം റാങ്ക് നേടിയ മേഘ്‌ന മാതാപിതാക്കള്‍ക്കൊപ്പം
ഒന്നാം റാങ്ക് നേടിയ മേഘ്‌ന മാതാപിതാക്കള്‍ക്കൊപ്പം

സിബിഎസ്ഇ പരീക്ഷാഫലങ്ങള്‍ മുഴുവന്‍ അവലോകനം ചെയ്താലും ആണ്‍കുട്ടികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് പെണ്‍കുട്ടികളാണ്. 88.31ശതമാനമാണ്് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 78.09ശതമാനം. മൊത്തതിലുള്ള വിജയശതമാനം 83.01ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കുറി കാണാന്‍ കഴിയുന്നത്. 

ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള റീജിയണുകളില്‍ തിരുവനന്തപുരവും ഇടംനേടി. 97.32ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ചെന്നൈയും ഡല്‍ഹിയുമാണ് ഉയര്‍ന്ന വിജയശതമാനമുള്ള മറ്റ് റീജിയണുകള്‍. ചെന്നൈയില്‍ 93.87ഉം ഡല്‍ഹിയില്‍ 89മാണ് വിജയശതമാനം. സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com