ഗുജറാത്ത് നാലുമാസത്തിനിടെ വെളുപ്പിച്ചത് 18,000 കോടി; രാജ്യത്തെ കള്ളപ്പണത്തിന്റെ നാലിലൊന്നും സംസ്ഥാനത്ത്

കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് ഇത്രയും വലിയ തുക നിയമവിധേയമാക്കിയതെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു
ഗുജറാത്ത് നാലുമാസത്തിനിടെ വെളുപ്പിച്ചത് 18,000 കോടി; രാജ്യത്തെ കള്ളപ്പണത്തിന്റെ നാലിലൊന്നും സംസ്ഥാനത്ത്

അഹമ്മദാബാദ്: നാലു മാസത്തിനിടെ ഗുജറാത്ത് വെളുപ്പിച്ചത് 18,000 കോടി രൂപയുടെ കള്ളപ്പണം. കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് ഇത്രയും വലിയ തുക നിയമവിധേയമാക്കിയതെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. ഇത് രാജ്യത്തെ ആകെയുള്ള കണക്കില്‍പ്പെടാത്ത സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനമാണ്.  2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു ഇതിനുള്ള കാലയളവ്.

ഭാരത് സിന്‍ഹയാണ് ഇത് സംബന്ധിച്ച് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറുപടി ലഭിച്ചത്.റിയല്‍ എസ്‌റ്റേറ്റ് വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. ഇയാളുടെ ഐഡിഎസ് പിന്നീട് റദ്ദാക്കി.

പണം വെളുുപ്പിച്ച ആളുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് സിന്‍ഹയുടെ ആദ്യ അപേക്ഷ ഗുജറാത്തി ഭാഷയാണെന്ന കാരണത്താല്‍ മാറ്റിനിര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് മുഖ്യവിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം എത്തിയതോടെയാണു മറുപടി ലഭ്യമായതതെന്ന് ഭാരത് സിന്‍ഹ പറഞ്ഞു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു പരിധി നിശ്ചയിച്ചിരുന്നത്. തുകയുടെ 25 ശതമാനത്തിന്റെ ആദ്യഗഡു 2016 നവംബറിലും രണ്ടാംഗഡു 2017 മാര്‍ച്ചിലും ആയിരുന്നു അടയ്‌ക്കേണ്ടത്. ബാക്കിയുള്ളത് 2017 നവംബറിനു മുന്‍പും അടച്ചുതീര്‍ക്കാനായിരുന്നു നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com