സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു

ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസാകുന്നത്

ന്യൂഡല്‍ഹി :  ഇന്ത്യയുടെ 46മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ​ഗൊ​ഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസാകുന്നത്. 

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് ഗൊഗോയ്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്, സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പുതിയ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. 2019 നവംബര്‍ വരെ ഇദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്. അസം മുൻ മുഖ്യമന്ത്രി കേശബ് ചന്ദ് ​ഗൊ​ഗോയിയുടെ മകനാണ്. 

1978 ലാണ് രഞ്ജന്‍ ഗൊഗോയ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്.  ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹത്തെ, 2001 ഫെബ്രുവരി 28 നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2010 സെപ്തംബര്‍ 9 ന് ഗൊഗോയിയെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2011 ഫെബ്രുവരി 12 ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2012 ഏപ്രില്‍ 23 നാണ് ജസ്റ്റിസ് ഗൊഗോയിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്. 

ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിൽ, സുപ്രിം കോടതി കൊളീജിയത്തിൽ ജസ്റ്റിസ് ശരബ് അരവിന്ദ് ബോബ്ഡെയെ ( എസ് എ ബോബ്ഡെ) ഉൾപ്പെടുത്തി. സുപ്രിം കോടതിയിലെ ഏറ്റവും സീനിയർ ആയ അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തിൽ ഉൾപ്പെടുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് വിരമിക്കുമ്പോൾ, ജസ്റ്റിസ് ബോബ്ഡെ അടുത്ത ചീഫ് ജസ്റ്റിസായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com