ആഗ്രഹസഫലീകരണത്തിന് ഒന്‍പതുകാരനെ ബലി നല്‍കി: അമ്മാവനും സഹോദരനും അറസ്റ്റില്‍

ആഗ്രഹസഫലീകരണത്തിന് ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്താനാണ് ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കിയത്.
ആഗ്രഹസഫലീകരണത്തിന് ഒന്‍പതുകാരനെ ബലി നല്‍കി: അമ്മാവനും സഹോദരനും അറസ്റ്റില്‍

ഭുവനേശ്വര്‍: രാജ്യം പുരോഗമനത്തിന്റെ പാതയിലാണെന്ന് ഒരിക്കലും അവകാശപ്പെടാനാകാത്ത സംഭവങ്ങള്‍ വീണ്ടും വീണ്ടും ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നു. മൃഗബലി നിരോധിച്ചിട്ടും പല ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ അത് ആചരിച്ചു വരികയാണ്. അതിനിടെ മനുഷ്യനെത്തന്നെ ബലി നല്‍കിയ ക്രൂരസംഭവം നടന്നിരിക്കുകയാണ് ഭുവനേശ്വറില്‍. 

ആഗ്രഹസഫലീകരണത്തിന് ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്താനാണ് ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കിയത്. ഒഡിഷയിലെ ബോലാംഗിര്‍ ജില്ലയിലെ സുന്ദിതുന്ദ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ വേണ്ടപ്പെട്ട ആള്‍ക്കാര്‍ ആണെന്നുള്ളത് കൂടുതല്‍ ഞെട്ടിക്കുന്ന കാര്യമാണ്. കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ കസില്‍ സഹോദരന്‍ സംബാബന്‍ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒക്ടോബര്‍ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ദുര്‍മന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബന്‍ റാണയും. തങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുന്നതിന് ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുര്‍ഗാ പൂജാ ദിവസം ഇവര്‍ തെരഞ്ഞെടുക്കുകയും ഘാന്‍ഷ്യയെ തന്ത്രപൂര്‍വ്വം ഇവരുടെ താവളത്തില്‍ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു

മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി  മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സുന്ദിതുന്ദയില്‍ നിന്ന്  തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറുത്ത തല പിന്നീട് നടത്തിയ തെരച്ചിലില്‍ പ്രദേശത്ത് അല്പം മാറി  കണ്ടെത്തുകയും ചെയ്തു. 

പിന്നീട് അമ്മാവനെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.  മറുപടിയില്‍ നിന്നുള്ള വൈരുദ്ധ്യം കാരണം ഇവരെ വിശദമായി  ചോദ്യം ചെയ്യുകയും  കുറ്റവാളിയാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് തിലകര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സരോജ് മോഹപത്ര പറഞ്ഞു. പ്രതികളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റാര്‍ക്കെങ്കിലും ബലിയില്‍ പങ്കുണ്ടോന്ന്  അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com