കുന്നുകളുമായി പറന്ന് പോകാന്‍ അവിടെയുള്ളവര്‍ 'ഹനുമാന്‍' ആണോ? 48 മണിക്കൂറിനുള്ളില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം;  സുപ്രിംകോടതി

സംസ്ഥാനത്ത് നടക്കുന്ന അനധികൃത ക്വാറികള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കുന്ന രേഖ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. 
കുന്നുകളുമായി പറന്ന് പോകാന്‍ അവിടെയുള്ളവര്‍ 'ഹനുമാന്‍' ആണോ? 48 മണിക്കൂറിനുള്ളില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം;  സുപ്രിംകോടതി

ന്യൂഡല്‍ഹി: ആരവല്ലി പര്‍വ്വത നിരകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി. 128 കുന്നുകള്‍ ഉണ്ടായിരുന്നതില്‍ 31 എണ്ണം കാണാനില്ലെന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. കുന്നുകള്‍ എവിടെ പോയെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ആരവല്ലിക്കടുത്ത് താമസിക്കുന്ന ജനങ്ങള്‍ 'ഹനുമാനെ' പോലെ കുന്നുകളുമായി പറന്നു പോയെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.


ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍,ദീപക് ഗുപ്ത എന്നിവരാണ് ആരവല്ലി മലനിരകളുടെ നിലവിലെ അവസ്ഥയില്‍ നടുക്കം പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്ന അനധികൃത ക്വാറികള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കുന്ന രേഖ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു. 

പ്രകൃതി നശീകരണത്തിലൂടെ ലാഭം കൊയ്യാന്‍ ക്വാറിക്കമ്പനികളെ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടുവെന്നും വലിയ പരാജയമാണ് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതില്‍ രാജസ്ഥാന്‍ സര്‍ക്കാരിനും പങ്കുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചു. പൊടിക്കാറ്റുകള്‍ ഡല്‍ഹിയിലേക്ക് എത്താതെ തടഞ്ഞ് നിര്‍ത്തിയിരുന്നത് ആരവല്ലി മലനിരകളിലെ ചെറു പര്‍വ്വതങ്ങളായിരുന്നുവെന്നും അവ തുരന്ന് നശിപ്പിച്ചതോടെയാണ് മലിനീകരണം വര്‍ധിച്ചതെന്നും കോടതി വ്യക്തമാക്കി. 

മലകളെയും കുന്നുകളെയും ദൈവം ചില പ്രത്യേക കാരണങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ചില മൈനിങ് കമ്പനികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് സര്‍ക്കാര്‍ അപകടത്തിലാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ജയ്പൂര്‍ വരെ യാത്ര ചെയ്താല്‍ ഇത് മനസിലാക്കാവുന്നതേയുള്ളൂവെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com