ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍; ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് രക്ഷാസേന

ഇന്തോനേഷ്യയില്‍ നിന്ന് 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റ്.
ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍; ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് രക്ഷാസേന

ന്തോനേഷ്യയില്‍ നിന്ന് 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കടലില്‍ തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റ്. ലയണ്‍ എയര്‍ ബോയിങ് 737 മാക്‌സ് ജെ.ടി 610 വിമാനം നിയന്ത്രിച്ചിരുന്നത് ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജെയാണ്. 

ജക്കാര്‍ത്തയില്‍ നിന്ന് പങ്കല്‍ പിനാഗിലേക്ക് പറക്കുമ്പോഴാണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് വെറും പതിമൂന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് വിമാനം കടലില്‍ പതിച്ചത്. 

ഹര്‍വിനോ എന്ന ആളായിരുന്നു വിമാനത്തിന്റെ സഹ പൈലറ്റ്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു. 

2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്റര്‍നാഷണലില്‍ നിന്ന് 2009ലാണ് പൈലറ്റ് ലൈസന്‍സ് നേടിയത്.  തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയങ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.

വിമാനയാത്രക്കാരാരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു.  സീറ്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുകയാണ്. 

വിമാനത്തിന് സാങ്കേതിത തകരാറുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് ലയണ്‍ ഗ്രൂപ്പ് പറയുന്നത്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com