എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ഐസ പ്രസിഡന്റ്; അടികൊണ്ടുകാണും, ഞങ്ങളല്ലെന്ന് എബിവിപി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എഐഎസ്എ പ്രസിഡന്റ് കവല്‍പ്രീത് കൗറിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപണം
എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ഐസ പ്രസിഡന്റ്; അടികൊണ്ടുകാണും, ഞങ്ങളല്ലെന്ന് എബിവിപി

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എഐഎസ്എ പ്രസിഡന്റ് കവല്‍പ്രീത് കൗറിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപണം. വെള്ളിയാഴ്ച കിരോരി മാള്‍ കോളജിലേക്ക് പോകുന്ന വഴി ഒരുസംഘം എബിവിപി പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് കൗര്‍ ആരോപിച്ചു. 

ദേശദ്രോഹി എന്ന് ആക്രോശിച്ച് കോളജ് കവാടത്തിന് മുന്നില്‍ ഇവര്‍ തന്നെ തടയുകയായിരുന്നുവെന്ന് കൗര്‍ പറയുന്നു. സംഘത്തിലൊരാളെ താന്‍ അടിച്ചുവെന്നും അവര്‍ തിരികെയടിച്ചുവെന്നും കൗര്‍ പറയുന്നു. 

രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പ്രൊഫസറെ കാണാന്‍ എത്തിയതായിരുന്നു കൗര്‍. യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന്‍ നടത്തുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് കൗര്‍ വ്യക്തമാക്കി. നാല് എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ പിന്തുടര്‍ന്നു. ക്യാമ്പസില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ദേശദ്രേഹിയെന്ന വിളിയുടെ സ്വാഭാവിക പ്രതികരണമായാണ് താന്‍ ഒരാളെ അടിച്ചതെന്ന് കൗര്‍ പറഞ്ഞു. 

അടികൊണ്ട് ഓടിയ എബിവിപി പ്രവര്‍ത്തകന്‍ പതിനഞ്ചോളം എബിവിപിക്കാരെ കൂട്ടി തിരിച്ചെത്തി. തന്റെ സുഹൃത്തിനെ ഇവര്‍ മാരകമായി മര്‍ദിച്ചു. ഇവര്‍ തങ്ങളെ അര്‍ബന്‍ നക്‌സലുകള്‍ എന്നു വിളിച്ചെന്നും കൗര്‍ ആരോപിക്കുന്നു. 

തന്നെ ആക്രമിച്ചുവെന്ന് കാട്ടി കൗര്‍ നല്‍കിയ പരാതിയില്‍ മോഹിത് ദഹിയ, സന്ദീപ് ശര്‍മ്മ എന്നീ രണ്ട് എബിവിപി പ്രവര്‍ത്തകരുടെ പേരുകള്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച എബിവിപി, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് ഇതെന്ന് ആരോപിച്ചു. സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ചരിത്രമാണ് എഐഎസ്എ പ്രസിന്റിന് ഉള്ളതെന്ന് എബിവിപി ആരോപിച്ചു. 

എബിവിപിയില്‍ അംഗങ്ങളായ ഒരാളും സംഭവത്തില്‍ പെട്ടിട്ടില്ല. കൗര്‍ ആക്രമിച്ച ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി സന്ദീപ് ശര്‍മ്മ എബിവിപി പ്രവര്‍ത്തകനല്ല. കൗര്‍ അടിച്ചപ്പോള്‍ വിദ്യാര്‍ത്ഥി തിരിച്ചടിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇതില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ദാഹിയയെ പ്രതി ചേര്‍ക്കാന്‍ കൗര്‍ ശ്രമിക്കുകയാണ്- എബിവിപി ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഭരത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com