അഡ്മിനാകണോ ആധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കണം; മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

അഡ്മിന്റെ അറിവോടെയല്ലാതെ അംഗങ്ങളെ ചേര്‍ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന രാഷ്ട്രീയ-മതപരമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് വഴി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അഡ്മിന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍ക
അഡ്മിനാകണോ ആധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കണം; മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

 ലക്‌നൗ: മാധ്യമപ്രവര്‍ത്തകര്‍ അംഗമായുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ഭരണകൂടം. ലളിത് പൂര്‍ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും ചേര്‍ന്നിറക്കിയ ഉത്തരവിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. ഒരു പേജുള്ള രജിസ്‌ട്രേഷന്‍ ഫോമില്‍ പേരും അഡ്രസ്സും ഗ്രൂപ്പ് അഡ്മിന്‍ ആണെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പതിപ്പും നല്‍കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്മിന്റെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന നമ്പറും ഫോട്ടോയും നല്‍കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അഡ്മിന്റെ അറിവോടെയല്ലാതെ അംഗങ്ങളെ ചേര്‍ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന രാഷ്ട്രീയ-മതപരമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് വഴി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അഡ്മിന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം 31നാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചത്. 

 ഈ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ ഐടി ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുവാദത്തോടെയല്ലാതെ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനും സംസ്ഥാനത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമാണിതെന്നും വ്യക്തികളെയാണ് മാധ്യമ സ്വാതന്ത്ര്യത്തെയല്ല നിയന്ത്രിക്കുന്നതെന്നും ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് മാനവേന്ദ്ര സിങ് പറഞ്ഞു. എന്നാല്‍ വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമപ്രവര്‍ത്തകരാണ് എന്ന ധാരണ ഉണ്ടാക്കുന്നതാണ് ഈ നടപടിയെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതെയാക്കുന്ന ഉത്തരവാണ് ഇതെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com