എബിവിപിയുടെ അഴിഞ്ഞാട്ടം: ജെഎന്‍യുവില്‍ പ്രതിഷേധങ്ങള്‍ വിലക്കി അധികൃതര്‍, വമ്പന്‍ മാര്‍ച്ചുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ റാലികളും പ്രകടനകളും വിലക്കി അധികൃതര്‍
എബിവിപിയുടെ അഴിഞ്ഞാട്ടം: ജെഎന്‍യുവില്‍ പ്രതിഷേധങ്ങള്‍ വിലക്കി അധികൃതര്‍, വമ്പന്‍ മാര്‍ച്ചുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ റാലികളും പ്രകടനകളും വിലക്കി അധികൃതര്‍. തെരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ എബിവിപി ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാല അധികൃതരുടെ നടപടി. എന്നാല്‍ വിലക്ക് മറികടന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റിയില്‍ പ്രകടനം നടത്തി. മൗനജാഥയാണ് സംഘടിപ്പിച്ചത്. 

ക്യാമ്പസില്‍ നടന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ജാഥകളും പ്രതിഷേധ പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നുവെന്ന് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനും ചര്‍ച്ചകള്‍ക്കും പേരുകേട്ട ജെഎന്‍യുവില്‍ ഇത്തരമൊരു ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. എബിവിപിയുടെ ആക്രമണത്തിന് എതിരെ ശക്തമായ നടപടിയാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. അല്ലാതെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയല്ല വേണ്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി അമുത ജയദീപ് സമകാലിക മലയാളത്തോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിനിടെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തള്ളിക്കയറാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ ഗാര്‍ഡുമാരെ കയ്യേറ്റം ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ വാതിലും ഇവര്‍ തകര്‍ത്തിരുന്നു.തുടര്‍ന്ന് 12 മണിക്കൂറോളം വോട്ടെണ്ണല്‍ വൈകി.

എബിവിപി ശക്തികേന്ദ്രമായ സയന്‍സ് സ്‌കൂളുകളില്‍ തിരിച്ചടി നേരിട്ടതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ എബിവിപിയെ തൂത്തെറിഞ്ഞ് ഇടത് സഖ്യം വലിയ വിജയം നേടിയിരുന്നു. പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളുള്‍പ്പെടെ പ്രധാനപ്പെട്ട സീറ്റുകളെല്ലാം ഇടത് സഖ്യം വിജയിച്ചിരുന്നു. എഐഎസ്എ,എസ്എഫ്‌ഐ,ഡിഎസ്എഫ്,എഐഎസ്എഫ് എന്നിവരാണ് സംയുക്തമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com