5  മുതല്‍ 1000 രൂപ വരെ സംഭാവന, ടീ ഷര്‍ട്ട് മുതല്‍ കോഫി മഗ് വരെ വാങ്ങാം; പുതിയ പ്രചാരണ തന്ത്രവുമായി നമോ ആപ്പ് 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി 
 5  മുതല്‍ 1000 രൂപ വരെ സംഭാവന, ടീ ഷര്‍ട്ട് മുതല്‍ കോഫി മഗ് വരെ വാങ്ങാം; പുതിയ പ്രചാരണ തന്ത്രവുമായി നമോ ആപ്പ് 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിന് ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പ് വഴി മൂന്ന് പുതിയ സേവനങ്ങളാണ് ബിജെപി അവതരിപ്പിച്ചത്. വോളന്റിയര്‍ പ്ലാറ്റ്‌ഫോം, മര്‍ച്ചന്‍ഡൈസ്, മൈക്രോ ഫണ്ടുകള്‍ എന്നിവയാണവ.   

'രാഷ്ട്രനിര്‍മ്മിതിക്ക് സംഭാവന ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മുമ്പൊരിക്കലും ഇതുപോലൊരു കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല', ഇതാണ് നമോ ആപ്പിന്റെ പുതിയ സ്വാഗത സന്ദേശം. 5 രൂപ, 50 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള തുകകളാണ് ആപ്പ് വഴി സംഭാവന നല്‍കാന്‍ സാധിക്കുക. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബിജെപിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് എത്തുക.  

ലോകത്തിന്റെ പലഭാഗത്തുനിന്നായി സംഭാവന ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് നിരവധി ആളുകളാണ് ആപ്പ് വഴി ബന്ധപ്പെടുന്നത്. ഇതിനോടനുബന്ധിച്ചാണ് ആപ്പില്‍ മൈക്രോ ഡോണേഷന്‍സ് സേവനം ആരംഭിച്ചതെന്ന് ബിജെപിയുടെ ദേശീയ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥന്‍ അമിത് മാള്‍വിയ പറഞ്ഞു. 

നമോ ആപ്പിലൂടെ മോദി മയമുള്ള വിവിധ ഉത്പന്നങ്ങളുടെ വില്‍പന നടത്തിയാണ് ബിജെപി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതുവഴി ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ഇതിന് പുറമേ ഗംഗാ ശുചീകരണ പദ്ധതിയിലേക്കും തുക വിനിയോഗിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്.

ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, സ്റ്റിക്കേര്‍സ്, കോഫി മഗ്, പേന, ഫ്രിഡ്ജ് മാഗ്‌നെറ്റ് തുടങ്ങിയ നൂറോളം ഉത്പന്നങ്ങള്‍ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ലേഖനം ചെയ്ത ഉത്പന്നങ്ങളാണ് നമോ ആപ്പിലൂടെ ലഭിക്കുക.

ഇതുകൂടാതെ നമോ എഗെയ്ന്‍, നമോ നമ, യുവ ശക്തി, ഇന്ത്യ മോഡിഫയ്ഡ് എന്നിങ്ങനെ എഴുതിയ ഉത്പന്നങ്ങളും വില്‍പനയ്ക്കുണ്ട്. ടീഷര്‍ട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ന്‍ എന്നെഴുതിയിട്ടുള്ള ഒരു ജോഡി കോഫി മഗുകള്‍ക്ക് 150 രൂപയാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com