ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറഞ്ഞേതീരൂ; സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th September 2018 03:35 PM  |  

Last Updated: 24th September 2018 03:35 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള സഞ്ജിവ് ഭട്ടിന്റെ ശ്രമത്തെ ഗുജറാത്ത് സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ആരോപണം സത്യമാണെങ്കില്‍,ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

സാധാരണയായി കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് വന്നിരിക്കുന്നത്. ഒരു പൗരന്‍ ഗൗരവമായ ഒരു ആരോപണം മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ ഭരണകൂടം ഉറപ്പായും മറുപടി പറയണം-കോടതി അഭിപ്രായപ്പെട്ടു. 

വെള്ളിയാഴ്ചയ്ക്കകം ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കണം എന്നാണ് കോടതി ഉത്തരവ്.  കേസില്‍ അടുത്ത ഹിയറിങ് ഒക്ടോബര്‍ നാലിനാണ്. 
22വര്‍ഷം പഴക്കമുള്ള കേസിന്റെ പേരില്‍ ഈമാസം ആദ്യമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനായ സഞ്ജീവ്, ഇന്ധനവില വര്‍ധനവിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ജയിലിലടയ്ക്കപ്പെട്ടത്. പൊലീസ് സര്‍വീസിലിരിക്കെ ഒരു അഭിഭാഷകനെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.