കാവല്‍ മന്ത്രിസഭകള്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ല; രാഷ്ട്രീയ പാര്‍ട്ടികളെ വെട്ടിലാക്കുന്ന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് തീരുമാനിച്ച ശേഷം കാവല്‍ മന്ത്രിസഭകള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍
കാവല്‍ മന്ത്രിസഭകള്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ല; രാഷ്ട്രീയ പാര്‍ട്ടികളെ വെട്ടിലാക്കുന്ന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തീരുമാനിച്ച ശേഷം കാവല്‍ മന്ത്രിസഭകള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. 1994ലെ സുപ്രീംകോടതിയുടെ ബൊമ്മൈ വിധിയില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ നടപ്പിലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. 

പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിക്കഴിഞ്ഞാല്‍ സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്‍കാനോ പദ്ധതികളുടേയോ സ്‌കീമുകളുടെയോ പ്രഖ്യാപനങ്ങള്‍ നടത്താനോ പാടില്ല. നിയമസഭ പിരിച്ചുവിട്ടതിന് ശേഷം പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെയുള്ള സമയത്ത് പ്രഖ്യാപനങ്ങള്‍ നടത്തുന്നത് തടയാനാണ് കമ്മീഷന്റെ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതികൂലമായി ബാധിച്ചേക്കാം. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്നതുകൊണ്ട് ബിജെപിക്ക് ഇത് കൂടുതല്‍ തലവേദന സൃഷ്ടിക്കും. മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന തെലങ്കാനയിലെ ടിആര്‍എസിനും പുതിയ നിബന്ധന തിരിച്ചടിയാകും. 

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ച് തന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് എതിരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ആര്‍ ബൊമ്മൈ നല്‍കിയ ഹര്‍ജിയിന്‍മേലായിരുന്നു സുപ്രീംകോടതിയുടെ കാവല്‍മന്ത്രിസഭകളെ കുറിച്ചുള്ള നിരീക്ഷണം. ഇതില്‍ സര്‍ക്കാരിയ കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കാവല്‍ മന്ത്രിസഭകള്‍ വലിയ പദ്ധതി തീരുമാനങ്ങളെടുക്കരുത് എന്നായിരുന്നു സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദേശം. എന്നാല്‍ ഇടക്കാല സര്‍ക്കാരുകള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് തുടര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com