ജീപ്പിന് മുകളില്‍ സ്ത്രീയുമായി പാഞ്ഞ് പൊലീസ്; തെറിച്ചുവീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്: തുടരുന്നു പൊലീസിന്റ കണ്ണില്ലാത്ത ക്രൂരത(വീഡിയോ)

ജീപ്പിന് മുകളില്‍ സ്ത്രീയുമായി ഊരുചുറ്റി പഞ്ചാബ് പൊലീസിന്റെ മനസ്സ് മരവിപ്പിക്കുന്ന ക്രൂരത
ജീപ്പിന് മുകളില്‍ സ്ത്രീയുമായി പാഞ്ഞ് പൊലീസ്; തെറിച്ചുവീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്: തുടരുന്നു പൊലീസിന്റ കണ്ണില്ലാത്ത ക്രൂരത(വീഡിയോ)

അമൃത്‌സര്‍: ജീപ്പിന് മുകളില്‍ സ്ത്രീയുമായി ഊരുചുറ്റി പഞ്ചാബ് പൊലീസിന്റെ മനസ്സ് മരവിപ്പിക്കുന്ന ക്രൂരത. അമൃത്‌സറില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ചോദ്യം ചെയ്ത ജസ്വിന്തര്‍ കൗറിനെയാണ് പൊലീസ് ജീപ്പിന് മുകളിലാക്കി ഊരുചുറ്റിയത്. 

മുകളില്‍ പിടിച്ചു കിടക്കുന്ന നിലയില്‍ ജസ്വിന്തറിനെയും കൊണ്ട് പായുന്ന പൊലീസ് ജീപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ഞെട്ടിക്കുന്ന ക്രൂരത പുറംലോകമറിഞ്ഞത്. ജീപ്പില്‍ നിന്ന് തെറിച്ചുവീണ ജസ്വിന്തറിന് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വീണിട്ടും പൊലീസ് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

അമൃത്‌സറില്‍ നിന്ന് 20കിലോമീറ്റര്‍ അകലെയുള്ള മജിത മണ്ഡലത്തിലെ ഷഹ്‌സാദ ഗ്രാമത്തിലെ തന്റെ വീട്ടില്‍ ഒരു കേസുമായി ബന്ധപ്പെട്ട് അമ്മാവനെ തിരക്കിയാണ് പൊലീസ് എത്തിയത്. അമ്മാവന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതാണ് പൊലീസിനെ പ്രകോപിച്ചിതെന്ന് ജസ്വിന്തര്‍ പറയുന്നു. 

ഭര്‍ത്താവിനെ പിടിച്ചുവലിച്ചു ജീപ്പിനുള്ളില്‍ കയറ്റി. വാഹനം തടയാന്‍ ജീപ്പിന് മുന്നില്‍ കയറിനിന്നു. എന്നാല്‍ വാഹനം പൊലീസുകാര്‍ മുന്നോട്ടെടുത്തു. ബോണറ്റില്‍ കയറിയ ജസ്വിന്തര്‍ വീഴാതിരിക്കാന്‍ ജീപ്പിന് മുകളില്‍ കയറി. ജീപ്പ് നിര്‍ത്താതെ പൊലീസ് ജസ്വിന്തറിനെയും കൊണ്ട് ഗ്രാമത്തിലൂടെ പാഞ്ഞു. 

ഇതുകണ്ട നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പെട്ടെന്നൊരു വളവില്‍ വെട്ടിച്ച് ജസ്വിന്തറിനെ താഴെ വീഴ്ത്തുകയായിരുന്നു. ശേഷം വണ്ടിനിര്‍ത്താതെ പോയി. സംഭവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com