ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിവാഹത്തോടെ ഇല്ലാതാവില്ല: സുപ്രിം കോടതി

വിവാഹ ജീവിതത്തില്‍ സ്ത്രീക്കു ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിം കോടതി
ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിവാഹത്തോടെ ഇല്ലാതാവില്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ ജീവിതത്തില്‍ സ്ത്രീക്കു ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിം കോടതി. ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് ആത്യന്തികമായി മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും വിവാഹത്തോടെ അത് ഇല്ലാതാവില്ലെന്നും ചരിത്രപരമായ വിധിന്യായത്തില്‍ സുപ്രിം കോടതി വ്യക്തമാക്കി.

വിവാഹിതയായ സ്ത്രീയുമായി ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാക്കുന്ന, ഐപിസി 497-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍. അസാധ്യമായ സദാചാരങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സമൂഹ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ വിശുദ്ധി നിഷ്‌കര്‍ഷിക്കുന്നവര്‍ തന്നെ അവളെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ഭ്രൂണഹത്യ നടത്തുകയും ചെയ്യുന്നുവെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിയില്‍ വിമര്‍ശിച്ചു. 

ലൈംഗിക ബന്ധത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന നിയമ വ്യവസ്ഥ സ്ത്രീയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ്. വിവാഹം സ്വയംഭരണാവകാശത്തിന് പരിധി നിശ്ചയിക്കുന്ന സംവിധാനമാവരുത്. ഏറ്റവും സ്വകാര്യമായ ഇടങ്ങളില്‍ പോലും ലൈംഗിക ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വിവാഹ ബന്ധത്തിലെ പങ്കാളികള്‍ പരസ്പരം ലൈംഗിക സ്വാതന്ത്ര്യത്തെ മാനിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനാണ്, 497-ാം വകുപ്പെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ഒരുമിച്ചെഴുതിയ വിധിന്യായത്തില്‍ പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല. സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും ഏകപക്ഷീയവുമാണ് 497-ാം വകുപ്പെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തില്‍ വ്യക്തമാക്കി.

സമൂഹം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു ബാധ്യതയില്ല. വിവാഹേതര ബന്ധത്തെ സാമൂഹ്യമായി ചൂണ്ടിക്കാണിക്കാനും വിവാഹമോചനത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടാനുമാവും. എന്നാല്‍ അതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല. അസന്തുഷ്ടമായ ദാമ്പത്യത്തിനു കാരണമല്ല, ചിലപ്പോള്‍ ഫലമാവാം വിവാഹേതര ബന്ധമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പങ്കാളിയുടെ വിവാഹേതര ബന്ധത്തില്‍ മനംനൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം അതില്‍ വരുമെന്ന് വിധിയിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോടു യോജിച്ച ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ 497ാം വകുപ്പ് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി. വിവേചനപരമായ 497ാം വകുപ്പ് തുടരാനാവില്ലെന്ന്, ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിന്യായത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com