റഫേലിനെ അനുകൂലിച്ച് പവാര്‍; എന്‍സിപിയില്‍ കലാപം, താരിഖ് അന്‍വര്‍ രാജിവെച്ചു

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ കലാപം
റഫേലിനെ അനുകൂലിച്ച് പവാര്‍; എന്‍സിപിയില്‍ കലാപം, താരിഖ് അന്‍വര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ കലാപം. മോദിയെ പ്രതിരോധിച്ച ശരദ് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രാജിവെച്ചു. 

തന്റെ ലോക്‌സഭ മണ്ഡലത്തിലാണ് താരിഖ് അന്‍വര്‍ പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ സ്ഥാപക അംഗമായ താരിഖ് അന്‍വര്‍, എംപി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചു. മറാത്തി ന്യൂസ് ചാനലിന് അഭിമുഖം അനുവദിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചതായി താരിഖ് അന്‍വര്‍ പ്രതികരിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ താരിഖ് അന്‍വര്‍ റഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ രാജി എന്‍സിപിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദേശശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയം ഉണ്ടാകില്ലെന്ന് പറഞ്ഞ ശരദ് പവാര്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് വിവേകശൂന്യമാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ എന്‍സിപി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശരദ് പവാര്‍ ക്ലീന്‍ ചിറ്റ് നല്‍കി എന്ന് അര്‍ത്ഥമില്ലെന്ന് വിശദീകരണകുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com