നമോ ടിവി സംപ്രേക്ഷണം; വിവരങ്ങൾ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ദൂരദര്‍ശനോടും വിശദീകരണം തേടി

നമോ ടിവി സംപ്രേക്ഷണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു
നമോ ടിവി സംപ്രേക്ഷണം; വിവരങ്ങൾ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ദൂരദര്‍ശനോടും വിശദീകരണം തേടി

ന്യൂഡല്‍ഹി: നമോ ടിവി സംപ്രേക്ഷണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. സംപ്രേക്ഷണം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടത്.  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരദര്‍ശനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്യുക വഴി ബിജെപി ദൂരദര്‍ശനെ ദുരുപയോഗിച്ചതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്ന നമോ ടിവി, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് പ്രക്ഷേപണം ആരംഭിച്ചത്. ഡിടിഎച്ച്, കേബിള്‍ ശൃംഖലകളില്‍ ചാനല്‍ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവിക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലിനെതിരെ പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയുള്ള ചാനല്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com