സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കോടികൾ; വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കിയേക്കും

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്
സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കോടികൾ; വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി: ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കോടികൾ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കാൻ തീരുമാനം. ഇതു സംബന്ധിച്ചുള്ള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ‌ അറിയിച്ചു. 

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. ആദായ നികുത് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കതിര്‍ ആനന്ദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടിത്തിട്ടുള്ളത്. 

മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്. മാര്‍ച്ച് 30–ന് ദുരൈ മുരുകന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. രണ്ടു ദിവസത്തിനു ശേഷമാണ് ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടിയത്. 

ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തീരുമാനം കമ്മീഷന്‍ പരി​ഗണിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് അയച്ചതായാണ് പിടിഐയുടെ റിപ്പോർട്ട്. ഇതു സംബന്ധിച്ച ഔദ്യോ​ഗിക തീരുമാനം ഇന്നുണ്ടായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com