'പ്രതിപക്ഷത്തെ ലാഭമുണ്ടാക്കാന്‍ അനുവദിക്കില്ല' കര്‍ക്കറയ്ക്ക് എതിരായ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിങ്

'പ്രതിപക്ഷത്തെ ലാഭമുണ്ടാക്കാന്‍ അനുവദിക്കില്ല' കര്‍ക്കറയ്ക്ക് എതിരായ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിങ്

ഹേമന്ത് കാര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്നായിരുന്നു മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്.

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കാര്‍ക്കറെയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിങ് ഠാക്കൂര്‍ രംഗത്ത്. തന്റെ വാക്കുകള്‍ ആ സമയത്തെ മാനസികസംഘര്‍ഷം കൊണ്ട് പറഞ്ഞ് പോയതാണെന്നാണ് പ്രജ്ഞാസിങ് പറയുന്നത്. രാജ്യത്തിന്റെ ശത്രുവിന്റെ വെടിയേറ്റ് മരിച്ചവര്‍ ആദരണീയരാണെന്നും അദ്ദേഹം പ്രതികരിച്ചു. 

അതേസമയം പ്രതിപക്ഷത്തിന് ലാഭമുണ്ടാക്കാന്‍ അനുവദിക്കില്ലായെന്നും പ്രജ്ഞ സിങ് പറഞ്ഞു. ഹേമന്ത് കാര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്നായിരുന്നു മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്. സംഭവം വിവാദമാവുകയും ഇയാളുടെ വാക്കുകളെ അപലപിച്ച് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് തന്റെ പരാമര്‍ശങ്ങള്‍ തിരുത്തി പ്രജ്ഞാ സിങ് മുന്നോട്ട് വന്നത്. പ്രജ്ഞാ സിങ്ങിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

ആറു പേര്‍ കൊല്ലപ്പെട്ട മാലേഗാവ് സ്‌ഫോടന കേസിലെ ഏഴു പ്രതികളില്‍ ഒരാളാണ് പ്രജ്ഞാ സിങ്. 2008ല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രജ്ഞയെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ ഈ നടപടി വിചാരണക്കോടതി റദ്ദാക്കി. സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് പ്രജ്ഞാ സിങ്ങിന്റെ മോട്ടോര്‍ സൈക്കിള്‍ ആണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com