തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ മുതുകത്ത് ഓം എന്ന് ചാപ്പ കുത്തി; അടിയന്തര അന്വേഷണം നടത്തണമെന്ന് കോടതി 

ജയിലിലെ ഇന്‍ഡക്ഷന്‍ കുക്കര്‍  പ്രവര്‍ത്തന രഹിതമാണെന്ന് ഷാബിര്‍ പരാതി പറഞ്ഞതാണ് നാലാം നമ്പര്‍ ജയില്‍ സൂപ്രണ്ടായ രാജേഷ് ചൗഹാനെ പ്രകോപിപ്പിച്ചതെന്ന്
തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ മുതുകത്ത് ഓം എന്ന് ചാപ്പ കുത്തി; അടിയന്തര അന്വേഷണം നടത്തണമെന്ന് കോടതി 

ന്യൂഡല്‍ഹി: തിഹാര്‍ജയിലിലെ തടവുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തില്‍ 'ഓം' എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ സ്വദേശിയായ ഷാബിറി(34)നാണ് ജയില്‍ സൂപ്രണ്ടിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. മകന്റെ ജീവന്‍ അപകടത്തിലാണെന്നും ജയില്‍ അധികൃതര്‍ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷബീറിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ മര്‍ദ്ദനം നടന്നതായി സ്ഥിരീകരിച്ചിരുന്നു.  ജയിലിലെ ഇന്‍ഡക്ഷന്‍ കുക്കര്‍  പ്രവര്‍ത്തന രഹിതമാണെന്ന് ഷാബിര്‍ പരാതി പറഞ്ഞതാണ് നാലാം നമ്പര്‍ ജയില്‍ സൂപ്രണ്ടായ രാജേഷ് ചൗഹാനെ പ്രകോപിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാബിറിനെ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷം മറ്റൊരു ജയില്‍ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ചൗഹാന്‍ മര്‍ദ്ദിക്കുയായിരുന്നു. രണ്ട് ദിവസം ഷാബിറിന് ഭക്ഷണവും നിഷേധിച്ചു. 

സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച കര്‍ക്കാര്‍ദൂമ കോടതി മജിസ്‌ട്രേറ്റ് സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതുകില്‍ പൊള്ളലേറ്റത് സംബന്ധിച്ച വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. ജയിലിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. 

 ഷാബിറിനെ ഒന്നാം നമ്പര്‍ ജയിലിലേക്ക് മാറ്റിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.  മോക്ക നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് ഷാബിറെന്നും കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ഇര്‍ഫാന്‍ ഗ്യാങുകാരന്‍ ആണെന്നുമാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com