നമോ ടിവിയ്ക്ക് ഇളവ്; മോദിയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച ' നമോ ടിവി'യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
നമോ ടിവിയ്ക്ക് ഇളവ്; മോദിയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച ' നമോ ടിവി'യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പിന് മുമ്പുള്ള 48മണിക്കൂര്‍ നിശ്ബ്ദ പ്രചാരണ വേളയില്‍ മോദിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യാന്‍ തടസ്സമില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥികളെയോ മണ്ഡലങ്ങളെയോ പരാമര്‍ശിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നിശബ്ദ പ്രചാരണ സമയത്ത് 'നമോ ടിവി'യില്‍ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 

കഴിഞ്ഞ 31നാണ് 'നമോ ടിവി' പ്രമുഖ ഡിടിഎച്ച് ശൃഖലകള്‍വഴി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്ററിലൂടെ മോദി ഇതിന്റെ സമര്‍പ്പണം നടത്തുകയും ചെയ്തു. എന്നാല്‍ ലൈസന്‍സ് അപേക്ഷ പോലും നല്‍കാതെയാണ് ചാനല്‍ തുടങ്ങിയത് എന്ന് പിന്നീട് വ്യക്തമായി. ഉടമകള്‍ ആരെന്നും പ്രവര്‍ത്തനം എവിടെനിന്നാണെന്നോ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ പ്രകിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 

നേേമാ ടിവിയ്ക്ക് ഇളവ് നല്‍കിയെങ്കിലും നരേന്ദ്ര മോദിയെ കുറിച്ച് ഇറോസ് നൗ സംപ്രേഷണം ചെയ്തുവന്നിരുന്ന വെബ് സീരീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.  'മോദി  ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന പേരിലാണ് വെബ് സീരീസ് പ്രദര്‍ശിപ്പിച്ചിരുന്നത്. മോദിക്ക് 12 വയസുണ്ടായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രി ആയതുവരെയുള്ള ജീവിതമാണ് അഞ്ച് എപ്പിസോഡുകളിലായി പരമ്പരയില്‍ പറയുന്നത്.

അടിയന്തരമായി വെബ്‌സീരീസിന്റെ സംപ്രേഷണം നിര്‍ത്തണമെന്നും ഓണ്‍ലൈന്‍ വഴിയുള്ള സ്ട്രീമിങും അവസാനിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെരുമാറ്റച്ചട്ടം ലംഘിച്ചും വെബ്‌സീരീസ് സംപ്രേഷണം ചെയ്യുന്നതായി കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെ 'പിഎം മോദി'യെന്ന ബയോപിക്കിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com