ഹിന്ദു ആചാരപ്രകാരം ട്രാൻസ് വുമണിനെ വിവാഹം കഴിക്കാം; ചരിത്ര വിധിയുമായി മദ്രാസ് ഹൈക്കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വധുവെന്നതിന്റെ വിവക്ഷയിൽ ട്രാൻസ്‌ വുമണും ഉൾപ്പെടുമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ശ്രദ്ധേയ വിധി
ഹിന്ദു ആചാരപ്രകാരം ട്രാൻസ് വുമണിനെ വിവാഹം കഴിക്കാം; ചരിത്ര വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹിന്ദു വിവാഹ നിയമപ്രകാരം വധുവെന്നതിന്റെ വിവക്ഷയിൽ ട്രാൻസ്‌ വുമണും ഉൾപ്പെടുമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ശ്രദ്ധേയ വിധി. ട്രാൻസ്‌ വുമണുമായുള്ള യുവാവിന്റെ വിവാഹം ശരിവച്ചാണു ജസ്റ്റിസ് ജിആർ സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് ചരിത്ര വിധി പുറപ്പെടുവിച്ചത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഇവരുടെ അപേക്ഷ സ്വീകരിച്ചു തുടർ നടപടിയെടുക്കാൻ ജോയിന്റ് റജിസ്ട്രാർ ഓഫ് മാര്യേജസിനു നിർദേശം നൽകി.

ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹം രജിസ്റ്റർ ചെയ്യാൻ ജോയിന്റ് റജിസ്ട്രാർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു തൂത്തുക്കുടി സ്വദേശികളായ അരുൺകുമാർ, ശ്രീജ എന്നിവരാണു കോടതിയെ സമീപിച്ചത്. നിയമപ്രകാരം വിവാഹം കഴിച്ചതാണെന്നതിനു വില്ലേജ് ഓഫിസറും ക്ഷേത്രം അധികൃതരും രേഖകൾ നൽകിയിട്ടും ജോയിന്റ് റജിസ്ട്രാർ വിവാഹം റജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. 

വധുവെന്നതു കൊണ്ടു അർഥമാക്കുന്നതു സ്ത്രീയെയാണെന്നും ട്രാൻസ്‌ വുമണിനെ ഇതിൽ പരിഗണിക്കാനാവില്ലെന്നുമുള്ള വാദം കോടതി തള്ളി. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ട്രാൻസ്‌ വുമണിനു മാത്രമായി അതു നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ മറ്റൊരു കേസിൽ, ലിംഗ നിർണയം നടത്താനാകാത്ത (ഇന്റർ സെക്സ് പെഴ്സൺസ്) നവജാത ശിശുക്കളുടെയും കുട്ടികളുടെയും ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നതു തടയണമെന്ന് ഇതേ ബെഞ്ച്  തമിഴ്നാട് സർക്കാരിനു നിർദേശം നൽകി. മാതാപിതാക്കളുടെ അനുമതിയുണ്ടെന്ന പേരിൽ ഡോക്ടർമാർ ഇത്തരം ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. എന്നാൽ, മാതാപിതാക്കളുടെ അനുമതി കുട്ടികളുടെ അനുമതിയായി കാണാനാവില്ലെന്നും മുതിർന്ന ശേഷം സ്വന്തം ഇഷ്ടപ്രകാരം ലിംഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അ‍വർക്കു നൽകണമെന്നും ബെഞ്ച് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com