ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : അന്വേഷണ സമിതിയില്‍ നിന്നും ജസ്റ്റിസ് രമണ പിന്മാറി

 ജസ്റ്റിസ് രമണയ്‌ക്കെതിരെ പരാതിക്കാരി കഴിഞ്ഞ ദിവസം രംഗത്തു വന്ന സാഹചര്യത്തിലാണ് നടപടി
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : അന്വേഷണ സമിതിയില്‍ നിന്നും ജസ്റ്റിസ് രമണ പിന്മാറി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സുപ്രിംകോടതി ജഡ്ജിമാരുടെ സമിതിയില്‍ നിന്നും ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് രമണ സുപ്രിംകോടതി രജിസ്ട്രിക്ക് കത്ത് നല്‍കി.  ജസ്റ്റിസ് രമണയ്‌ക്കെതിരെ പരാതിക്കാരി കഴിഞ്ഞ ദിവസം രംഗത്തു വന്ന സാഹചര്യത്തിലാണ് നടപടി. തന്റെ പരാതി അന്വേഷിക്കുന്ന സമിതി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിക്ക് ഇന്നലെ കത്തുനല്‍കിയിരുന്നു. 

സമിതി അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്‍രെ വസതിയിലെ നിത്യസന്ദര്‍ശകനുമാണ്. പരാതിയിലെ ആരോപണങ്ങള്‍ തള്ളിപ്പറഞ്ഞ അദ്ദേഹം മുന്‍വിധിയോടെയാകും സമിതിയില്‍ പ്രവര്‍ത്തിക്കുകയെന്നും പരാതിക്കാരി ആരോപിച്ചു. 

തന്റെ ഭാഗം കേള്‍ക്കാതെ പരാതി തള്ളിക്കളയുമോ എന്ന് ആശങ്കയുണ്ടെന്നും മുന്‍ കോടതി ജീവനക്കാരിയായ പരാതിക്കാരി കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രണ്ടുതവണ തന്നെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് യുവതി ആരോപണം ഉന്നയിച്ചത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലെ 22 ജഡ്ജിമാര്‍ക്കും ഇവര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കുകയായിരുന്നു. ബോബ്‌ഡെ, ജസ്റ്റിസുമാരായ എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com