പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി; രാമേശ്വരം ക്ഷേത്രം ഉള്‍പ്പെടെ കനത്ത സുരക്ഷയില്‍ 

ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി; രാമേശ്വരം ക്ഷേത്രം ഉള്‍പ്പെടെ കനത്ത സുരക്ഷയില്‍ 

രാമേശ്വരം: പാമ്പന്‍ കടല്‍പ്പാലത്തിന് ബോംബ് ഭീഷണി. ചെന്നൈയിലെ പൊലീസ് ഓഫീസിലാണ് ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.  പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എസ്പി ഓംപ്രകാശ് മീന പറഞ്ഞു.
വാഹന പരിശോധനയും പൊലീസ് ശക്തമാക്കി.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശം പൊലീസ് ഗൗരമവമായെടുത്തിട്ടുണ്ട്. രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, കേരളം ഉള്‍പ്പെടെയുളള എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നത് വ്യാജസന്ദേശമെന്ന് ബംഗലൂരു പൊലീസ് വ്യക്തമാക്കി. വ്യാജ സന്ദേശം നല്‍കിയ ആളെ ബംഗളൂരു പൊലീസ് അറസ്റ്റ്് ചെയ്തു. ബംഗളൂരു ആവലഹളളി സ്വദേശി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. വിരമിച്ച സൈനികനാണ് സുന്ദരമൂര്‍ത്തി എന്ന് ബംഗലൂരു പൊലീസ് പറയുന്നു. അതേസമയം ജാഗ്രത തുടരുകയാണ്.

ഇന്നലെയാണ് സ്വാമി സുന്ദരമൂര്‍ത്തി തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്  ഭീഷണി സന്ദേശം കൈമാറിയത്. 19 പേരടങ്ങുന്ന തീവ്രവാദി സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്ന് ബംഗലൂരു സിറ്റി പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com