ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം ; വിരമിച്ച സൈനികന്‍ അറസ്റ്റില്‍

കേരളം ഉള്‍പ്പെടെയുളള എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നത് വ്യാജസന്ദേശമെന്ന് ബംഗലൂരു പൊലീസ്
ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം ; വിരമിച്ച സൈനികന്‍ അറസ്റ്റില്‍

ബംഗലൂരു: കേരളം ഉള്‍പ്പെടെയുളള എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നത് വ്യാജസന്ദേശമെന്ന് ബംഗലൂരു പൊലീസ്. വ്യാജ സന്ദേശം നല്‍കിയ ആളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ആവലഹളളി സ്വദേശി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. വിരമിച്ച സൈനികനാണ് സുന്ദരമൂര്‍ത്തി എന്ന് ബംഗലൂരു പൊലീസ് പറയുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.അതേസമയം ജാഗ്രത തുടരുകയാണ്.

ഇന്നലെയാണ് സ്വാമി സുന്ദരമൂര്‍ത്തി തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്  ഭീഷണി സന്ദേശം കൈമാറിയത്. 19 പേരടങ്ങുന്ന തീവ്രവാദി സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്ന് ബംഗലൂരു സിറ്റി പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് റെയില്‍വേയില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് എല്ലാ സ്‌റ്റേഷനുകളിലും പരിശോധന നടത്തുകയാണ്. പാഴ്‌സല്‍ സര്‍വീസുകള്‍ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. ബസ് സ്റ്റാന്റുകള്‍, വിമാനത്താവളം, മാളുകള്‍ എന്നിവയ്ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവയാണ് ഭീകരാക്രമണ ഭീഷണിയിലുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങള്‍. ബംഗലൂരു സിറ്റി പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായാണ് സന്ദേശത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com