ഹെല്‍മെറ്റ് ഇല്ലാത്തതിന് ഫൈനടിച്ചു ; പൊലീസ് സ്റ്റേഷന്റെ ഫ്യൂസ് ഊരി ഇലക്ട്രിസിറ്റി ജീവനക്കാരന്റെ 'പ്രതികാരം'

വാഹനപരിശോധനയ്ക്ക് ഇറങ്ങിയ ഇന്‍സ്‌പെക്ടര്‍, ശ്രീനിവാസിനെ തടഞ്ഞു  നിര്‍ത്തുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ ഫൈനടിക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ അടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മറുപണി കൊടുത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍. വൈദ്യുതി കുടിശ്ശിക അടയക്കാത്ത പൊലീസ് സ്റ്റേഷന്റെ ഫ്യൂസ് ഊരിയായിരുന്നു ജീവനക്കാരന്‍ പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. 

ലായിന്‍പേര്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യൂതി ബന്ധമാണ്, കാലങ്ങളായി വൈദ്യുതി ബില്‍ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ വിച്ഛേദിച്ചത്. ബഡി ചപേടിയിലെ വൈദ്യുത തകരാറുകള്‍ പരിഹരിച്ചശേഷം  മോട്ടോര്‍ സൈക്കിളില്‍ ലേബര്‍ കോളനിയിലെ പവര്‍ സ്‌റ്റേഷനിലേക്കു മടങ്ങുകയായിരുന്നു ഇലക്ട്രിസിറ്റി ജീവനക്കാരനായ ശ്രീനിവാസ്. 

ഇതിനിടെ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് ചന്ദ്ര, ശ്രീനിവാസിനെ തടഞ്ഞു  നിര്‍ത്തുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ ഫൈനടിക്കുകയും ചെയ്തു. എന്നാല്‍ ഫൈന്‍ അടയ്ക്കാന്‍ വിസമ്മതിച്ച ശ്രീനിവാസ്, ജൂനിയര്‍ എന്‍ജിനീയറെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചെങ്കിലും എസ് ഐ വഴങ്ങിയില്ല.

എസ്‌ഐയും പൊലീസുകാരും ഗതാഗത നിയമം ലംഘിക്കുന്നതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വിശദീകരിച്ചു. ഇതോടെ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട നിയമങ്ങളും പിഴയെയും കുറിച്ച് ശ്രീനിവാസും പൊലീസുകാരോട് പറഞ്ഞു. 6.62 ലക്ഷം രൂപയുടെ ബില്ലാണ് ലായിന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ അടയ്ക്കാനുണ്ടായിരുന്നത്.  തുടര്‍ന്ന് സ്‌റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു ചൊവ്വാഴ്ച വൈകിട്ട് നാലര മുതല്‍ നാലുമണിക്കൂറാണ് പൊലീസ് സ്‌റ്റേഷന്‍ കറണ്ടില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നത്.

'ബില്ലടയ്‌ക്കേണ്ട കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് പലവട്ടം പൊലീസ് സ്‌റ്റേഷന് നോട്ടീസ് അയച്ചു. ബുധനാഴ്ച, ലായിന്‍പുര്‍ സ്‌റ്റേഷന്‍ അടയ്ക്കാനുള്ള തുക ഞങ്ങള്‍ വീണ്ടും പരിശോധിച്ചു. ഏഴുലക്ഷം രൂപ അടയ്ക്കാനുണ്ടെന്ന് കണ്ടെത്തി. 2016 മുതല്‍ ഒരു പൈസ പോലും സ്‌റ്റേഷന്‍ അടച്ചിരുന്നില്ല'. ഫിറോസാബാദ് ഡി വി വി എന്‍ എല്‍ (ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ്) സബ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിങ് പറഞ്ഞു. 

ഇലക്ട്രിസിറ്റി ബോര്‍ഡിലെ കരാര്‍ ജീവനക്കാരനാണ് ശ്രീനിവാസ്. നാലുമാസമായി അദ്ദേഹത്തിന് ശമ്പളം കിട്ടിയിട്ട്. അതിനാല്‍ 500 രൂപ പിഴ അടയ്ക്കാന്‍ ശ്രീനിവാസിന് കഴിയുമായിരുന്നില്ല. ഇക്കാര്യവും പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു ദാക്ഷിണ്യവും പൊലീസ് കാണിച്ചില്ലെന്നും രണ്‍വീര്‍ സിങ് വ്യക്തമാക്കി. ഫിറോസാബാദിലെ എല്ലാ ഓഫീസുകളുടെയും പൊലീസ് സ്‌റ്റേഷനുകളുടെയും വൈദ്യുതി ബില്ലിനത്തില്‍ ഡി വി വി എന്‍ എല്ലിന് ഇതിനോടകം തന്നെ 1.15 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ബാക്കി തുകയേ കൊടുക്കാനുള്ളുവെന്നുമാണ്  പൊലീസ് അധികൃതരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com