മുഖ്യമന്ത്രിക്ക് 'സമ്മാനം' ; പുലിവാല് പിടിച്ച് മേയർ ; പിഴയൊടുക്കി

ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് മേയര്‍ ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെയുള്ളവ സമ്മാനമായി നല്‍കിയത്
മുഖ്യമന്ത്രിക്ക് 'സമ്മാനം' ; പുലിവാല് പിടിച്ച് മേയർ ; പിഴയൊടുക്കി

ബം​ഗലൂരു : മുഖ്യമന്ത്രിക്ക് സമ്മാനം നൽകിയ മേയർ പിടിച്ചത് പുലിവാൽ. കര്‍ണാടക മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ സമ്മാനം നല്‍കിയ ബം​ഗലൂരു മേയറാണ് പുലിവാലു പിടിച്ചത്. ഒടുവിൽ പിഴയൊടുക്കി മേയർ തലയൂരി.  പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ള ബം​ഗലൂരു നഗരത്തില്‍ സമ്മാനം പ്ലാസ്റ്റിക്ക് കവറുകൊണ്ട് പൊതിഞ്ഞതാണ്  മേയര്‍ ഗംഗാംബികെ മല്ലികാര്‍ജുന് കെണിയായത്. 

പ്ലാസ്റ്റിക് ഉപയോഗിച്ചതിന് അഞ്ഞൂറുരൂപയാണ് മേയര്‍ പിഴ ഒടുക്കിയത്. സംഭവം വിവാദമായതോടെ തെറ്റുപറ്റിയെന്ന് മേയര്‍  സമ്മതിച്ചിരുന്നു.  ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് മേയര്‍ ഡ്രൈഫ്രൂട്ട്‌സ് ഉള്‍പ്പെടെയുള്ളവ സമ്മാനമായി നല്‍കിയത്. ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് കവര്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയര്‍ വിവാദത്തിൽ അകപ്പെടുകയായിരുന്നു. 

സമ്മാനപ്പൊതിയിലെ പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ആരാണ് ഇങ്ങനെ പൊതിഞ്ഞ് നല്‍കിയതെന്ന് അറിയില്ലെന്നും മേയർ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്നും ശിക്ഷയായി പിഴയൊടുക്കാന്‍ തയ്യാറാണെന്നും മേയർ വ്യക്തമാക്കി. തുടർന്നാണ് 500 രൂപ പിഴയൊടുക്കിയത്. പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അഞ്ഞൂറുരൂപ പിഴ ഈടാക്കാന്‍ 2016-ലാണ് ബൃഹത് ബം​ഗലൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com