ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. ഉചിതമായ തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം സോണിയയുടെ വരവിനെ സ്വാഗതം ചെയ്തത്.
'നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനമാണ്. അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി എത്തിയതില്‍ സന്തോഷം. അവരുടെ മുന്‍ പരിചയവും സാഹചര്യങ്ങളെ മനസിലാക്കാനുള്ള കഴിവും കോണ്‍ഗ്രസിനെ നയിക്കാന്‍ സഹായിക്കും. സോണിയക്കും പാര്‍ട്ടിക്കും ആശംസകള്‍'- അമരിന്ദര്‍ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞിരുന്നു. ദുര്‍ബലമായ പാര്‍ട്ടിയെ നയിക്കാന്‍ പ്രവര്‍ത്തന പരിചയമുള്ളയാള്‍ വരണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷനായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ