കശ്മീര്‍ : ഭരണഘടനാപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
കശ്മീര്‍ : ഭരണഘടനാപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : ജമ്മുകശ്മീരിന്റെ ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നിരോധനാജ്ഞയ്‌ക്കെതിരായ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വരും. 

കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി  ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ വിജ്ഞാപനത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയും മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിനാണ് കോടതിയെ സമീപിച്ചത്. മാധ്യമപ്രവര്‍ത്തനത്തിനുള്ള വിലക്ക് നീക്കണമെന്നും സ്വതന്ത്രമായി സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള അവകാശം വേണമെന്നുമാണ് അനുരാധ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com